കെ എസ് സജയന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന ആദിവാസി യുവാവിന് ധരിക്കാൻ സ്വന്തം ഉടുമുണ്ടും, ടീ ഷർട്ടും ഊരി നൽകുന്ന യുവാവിന്റെ ചിത്രമാണിത്..
തവിഞ്ഞാൽ വെൺമണി സ്വദേശിയും സി പി എം വെൺമണി ബ്രാഞ്ച് സെക്രട്ടറിയും, ഡിവൈഎഫ്ഐ വാളാട് മേഖല പ്രസിഡന്റുമായ അർജുൻ വെൺമണി എന്ന യുവാവാണ് മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ചയുമായി മാതൃകയായത്..
ഇന്നലെ സന്ധ്യയോടെയാണ് വെൺമണി ആദിവാസി കോളനിയിലെ യുവതി മിനിക്ക് സാരമായി പൊള്ളലേൽക്കുന്നത്. ഉടനെ അർജുനൻ സുഹൃത്തിനൊപ്പം മിനിയുടെ ഭർത്താവ് ഗോപിയേയും കൂട്ടി ആദ്യം ഓട്ടോയിലും പിന്നീട് ആംബുലൻസിലും മാനന്തവാടി മെഡിക്കൽ കോളേജിലെത്തുകയായിരുന്നു ..
ഗുരുതരാവസ്ഥയിലായ മിനിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകണമെന്ന് ഡോക്ടർ പറഞ്ഞു. ഭർത്താവായ ഗോപിയാണ് ആംബുലൻസിൽ കൂടെ പോകേണ്ടത്. കൂലിപ്പണി കഴിഞ്ഞു വന്ന ഗോപിയുടെ പഴകി ചളി പുരണ്ട വസ്ത്രങ്ങൾ മാറ്റാൻ നിർവ്വാഹമില്ലാത്ത അവസ്ഥ.. പെട്ടെന്ന് വന്നതിനാൽ ആരുടേയും കയ്യിൽ പണവുമില്ല. കൂടാതെ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയതിനാൽ കടകളുമില്ല..
ഒടുവിൽ മൊഴിയെടുക്കാനായി വന്ന പോലീസുകാരനോട് 500 രൂപ കടം വാങ്ങി നൽകിയ ശേഷം, ഒട്ടും മടി കൂടാതെ താനിട്ടിരുന്ന വസ്ത്രവും അർജുൻ ഗോപിക്ക് ഊരി നൽകി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു.. ഇതിനിടയിൽ അർജുൻ അറിയാതെ സുഹൃത്ത് പകർത്തിയ ചിത്രമാണിത്..
ഇതിവിടെയിടാൻ തോന്നി.. അത്രമാത്രം!.
നല്ലത് നാടറിയട്ടെ..!! ഒപ്പം ആ യുവതി രക്ഷപ്പെടട്ടേയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു…