ന്യൂഡൽഹി
പൊതുമേഖല സ്ഥാപനങ്ങൾ വിൽപ്പന തുടരുന്ന കേന്ദ്രസർക്കാർ ഈ സാമ്പത്തികവർഷം സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ(സിബിഐ)യും ഇന്ത്യൻ ഓവർസീസ് ബാങ്കും(ഐഒബി) സ്വകാര്യവൽക്കരിക്കും. സെക്രട്ടറിതല സമിതിയുടെ ശുപാർശയ്ക്ക് കേന്ദ്രമന്ത്രിസഭ ഉടൻ അനുമതി നൽകും. രണ്ട് ബാങ്കിലുമുള്ള 51 ശതമാനം ഓഹരി കേന്ദ്രസർക്കാർ വിറ്റൊഴിയും. ബാങ്കിങ് നിയന്ത്രണനിയമം ഉൾപ്പെടെ ഇതിനായി ഭേദഗതിചെയ്യും. നടപ്പുവർഷം പൊതുമേഖല ഓഹരിവിൽപ്പന വഴി 1.75 ലക്ഷം കോടി രൂപ സമാഹരിക്കുമെന്നും രണ്ട് പൊതുമേഖല ബാങ്ക് സ്വകാര്യവൽക്കരിക്കുമെന്നും ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. എയർഇന്ത്യ, ബിപിസിഎൽ, ഷിപ്പിങ് കോർപറേഷൻ അടക്കമുള്ളവയുടെ ഓഹരിവിൽപ്പനയും ഇതോടൊപ്പം നടക്കും.
സിബിഐ, ഐഒബി ജീവനക്കാർക്കായി സ്വയം വിരമിക്കൽ പദ്ധതി(വിആർഎസ്)യും നടപ്പാക്കും. മുംബൈ ആസ്ഥാനമായ സിബിഐയിൽ 33,481 ജീവനക്കാരുണ്ട്; ചെന്നൈ ആസ്ഥാനമായ ഐഒബിയിൽ 26,000ൽപ്പരവും. 1937ൽ സ്ഥാപിതമായ ഐഒബിയും 1911ൽ രൂപംകൊണ്ട സിബിഐയും 1969ലാണ് ദേശസാൽക്കരിച്ചത്. ഐഒബിക്ക് രാജ്യത്ത് 3400ഓളം ശാഖയുണ്ട്, വിദേശത്ത് ആറും. ഗ്രാമീണമേഖലയിൽ ശ്രദ്ധ പതിപ്പിക്കുന്ന നയമാണ് 2.61 ലക്ഷം കോടി രൂപ ആസ്തിയുള്ള ഐഒബിയുടേത്.
സിബിഐയുടെ മൊത്തം ആസ്തി 3.56 ലക്ഷം കോടിയിൽപ്പരമാണ്. 28 സംസ്ഥാനത്തായി 4651 ശാഖയുണ്ട്. കിട്ടാക്കടം പെരുകുന്നതും പ്രവർത്തനനഷ്ടവും ചൂണ്ടിക്കാട്ടിയാണ് രണ്ട് ബാങ്കും വിൽക്കുന്നത്. എന്നാൽ, കേന്ദ്രസർക്കാർ നയങ്ങളാണ് കിട്ടാക്കടം പെരുകാൻ കാരണം. ആസ്തിയുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം തുച്ഛവുമാണ്.
എൽഐസിയുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിച്ച് ഐഡിബിഐ ബാങ്ക് സ്വകാര്യമേഖലയ്ക്ക് കൈമാറാൻ നേരത്തേ തീരുമാനിച്ചിരുന്നു.