കൊച്ചി > പെട്രോളും ഡീസലും ചരക്കുസേവന നികുതിയുടെ പരിധിയിലാക്കണമെന്ന നിവേദനം കേന്ദ്രസർക്കാരിന് ജിഎസ്ടി കൗൺസിൽ കൈമാറണമെന്നും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഒന്നരമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകിയ നിവേദനംകൂടി തുടർനടപടികൾക്കായി ജിഎസ്ടി കൗൺസിലിന് നൽകുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
ഇന്ധനവില കുറയ്ക്കാൻ പെട്രോൾ, ഡീസൽ വിൽപ്പനയിലെ -അധിക വിൽപ്പനനികുതിയും സെസും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധിദർശൻ വേദിക്കായി കാലടി സർവകലാശാല മുൻ വിസി എം സി ദിലീപ്കുമാർ സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
ഇന്ധന വിലനിയന്ത്രണം നീക്കിയതോടെ ജനം ദുരിതത്തിലായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നയപരമായ കാര്യമായതിനാൽ കോടതി ഇടപെടരുതെന്ന് കേന്ദ്രസർക്കാരും ജിഎസ്ടി കൗൺസിലും ബോധിപ്പിച്ചു. തുടർന്നായിരുന്നു കോടതിയുടെ നിർദേശം.