തിരുവനന്തപുരം > കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിയാക്കപ്പെട്ട യുവതിക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വലിയ ആശ്വാസം. സത്യം ജയിച്ചതിൽ സന്തോഷമുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ പ്രതികരിച്ചു. മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മ അറസ്റ്റിലായ കേരളത്തിലെ ആദ്യ കേസാണിത്.
അതേസമയം തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കണമെന്ന പൊലീസ് ആവശ്യത്തിൽ പോക്സോ കോടതിയുടെ തീരുമാനം നിർണായകമാകും. ആവശ്യം അംഗീകരിച്ചാൽ വ്യാജ പരാതിയിൽ അന്വേഷണം അനിവാര്യമാകും. മകന്റെ മൊഴിക്ക് പിന്നിലെ സമ്മർദവും അന്വേഷിക്കേണ്ടി വരും. പരാതിയും മൊഴിയും തെറ്റാണെന്ന് തെളിഞ്ഞാൽ അതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് യുവതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
നടപടി വേണമെന്ന് വനിതാ കമീഷൻ
കേസിൽ ആദ്യ അന്വേഷണ സംഘത്തിന് ജാഗ്രതക്കുറവുണ്ടായതായി വനിതാ കമീഷൻ. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് കമീഷൻ അംഗം ഷാഹിദാ കമാൽ ആവശ്യപ്പെട്ടു.