മുൻ സഹപ്രവർത്തകയും സുഹൃത്തുമായ മാധ്യമ പ്രവർത്തകയെ ഔദ്യോഗിക പിആർഒ ആക്കാനായിരുന്നു വീണാ ജോർജ്ജിന്റെ നീക്കം. ആറന്മുളയിൽ മത്സരിക്കുമ്പോൾ ഈ മാധ്യമ പ്രവർത്തക വീണാ ജോർജ്ജിന് പിആർ സഹായം നൽകിയിരുന്നു. മന്ത്രിയായ ശേഷവും ഇവരെ വീണ ഒപ്പം കൂട്ടി. പാർട്ടി തീരുമാനം വരും മുമ്പെ സ്വന്തം നിലയിൽ ഇവരെ പിആർഒ ആയി നിയമിക്കാനായിരുന്നു വീണയുടെ നീക്കമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കോഴിക്കോട് കേന്ദ്രീകരിച്ച് ആർഎംപിയുമായി ഈ മാധ്യമ പ്രവർത്തക അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ എതിർപ്പ് കണക്കിലെടുത്താണ് എകെജി സെന്റർ ഇടപെട്ടിരിക്കുന്നത്. പാർട്ടി അറിയാതെ തീരുമാനം എടുക്കരുതെന്ന് മന്ത്രിക്ക് നിർദ്ദേശം നൽകി.
വീണ മന്ത്രിയായതിനു പിന്നാലെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാൽ പിആർഒയുടെ കാര്യത്തിൽ തീരുമാനം ആയിരുന്നില്ല. പാചകക്കാരനെയും ഡ്രൈവറേയും മാത്രമാണ് മന്ത്രിക്ക് സ്വന്തം നിലയിൽ നിയമിക്കാനാകുക. അതിലും പാർട്ടി പശ്ചാത്തലം നിർബന്ധമാണ്.