തിരുവനന്തപുരം: സിവിൽ സർവീസ് മേഖലയുടെ ശോഭ കെടുത്തുന്ന ന്യൂനപക്ഷം ഇപ്പോഴുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർക്ക് എന്തു വന്നാലും മാറില്ലെന്ന മനോഭാവമാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ.ജി.ഒ. യൂണിയൻ സംഘടിപ്പിച്ച നവകേരള സൃഷ്ടിയും സിവിൽ സർവീസും വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകവേയാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിമർശിച്ചത്.
കഴിഞ്ഞ തവണ അധികാരത്തിൽ വരുമ്പോൾ സിവിൽ സർവീസിനെ ചൂഴ്ന്നു നിന്നിരുന്ന അഴിമതി അടക്കമുളള അനഭിലഷണീയ പ്രവണതകൾ ഇല്ലാതാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. അത് വലിയ അളവോളം നിറവേറ്റാനായി. എന്നാൽ വളരെ ചെറിയ ന്യൂപക്ഷം ഇപ്പോഴും സിവിൽ സർവീസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതയുണ്ട്. ചിലർക്ക് എന്തുവന്നാലും മാറിലെന്ന മനോഭാവമുണ്ട്. നഅഴിമതി എന്നത് അവിഹിതമായി പണം കൈപ്പറ്റൽ മാത്രമല്ല. ചിലർ നേരിട്ട് കൈക്കൂലിയോ പാരിതോഷികമോ ഒന്നും കൈപ്പറ്റുന്നുണ്ടാവില്ല. എന്നാൽ സർക്കാർ ഫണ്ട് ചോർന്നുപോകുന്നതിന്, അത് അനർഹമാ ഇടങ്ങളിൽ എത്തിച്ചേരുന്നതിന് മൂകസാക്ഷികളായി നിന്നുവെന്നും വരും ഇത് അഴിമതിയുടെ ഗണത്തിലാണ് പെടുക. മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതികൾക്കായി വകയിരുത്തുന്ന ഫണ്ട് നിർദിഷ്ട കാര്യതതിനായി മാത്രം ചെലവഴിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നും വ്യക്തമാക്കി. ചില ഓഫീസുകൾ ഏജന്റ് സമ്പ്രദായം നിലനിൽക്കുന്നുണ്ടെന്നും അത് പൂർണമായും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ എനിതിനാണ് മൂന്നൂമതൊരാൾ. സർക്കാർ കാര്യാലയങ്ങൾ ജനങ്ങൾക്ക് എന്ന ചിന്ത എല്ലാ ജീവനക്കാരിലും ഉണ്ടാകണം.
കേരളത്തിന്റെ സമഗ്രമായ സാമൂഹ്യ പുരോഗതിക്ക് സിവിൽ സർവീസ് ചെറുതല്ലാത്ത സംഭാവനയാണ് നൽകിയിട്ടുളളതെന്നും കഴിഞ്ഞ തവണത്തെ പോലെ സിവിൽ സർവീസിനെ വിശ്വസിച്ചുകൊണ്ടാണ് ഇത്തവണയും സർക്കാരിന്റെ പ്രവർത്തനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights:Pinarayi Vijayan Criticises Civil Servants