മലപ്പുറം/കോഴിക്കോട്: രാമനാട്ടുകരയിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചവർ ദുബായിൽനിന്ന് കരിപ്പുർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച സ്വർണം വാങ്ങാൻ എത്തിയവർ. 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വർണം ഇന്ന് കരിപ്പുരിൽനിന്ന് പിടിച്ചെടുത്തിരുന്നു. ദുബായിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്കി(23)ൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. പുലർച്ചെ രണ്ടരയ്ക്ക് ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഷെഫീക്ക്.
കരിപ്പുർ എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിൽ 2.330 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. ഈ സ്വർണത്തിന് 1.11 കോടി വില വരും. കോഫി മേക്കർ മെഷീന്റെ ഉള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ഷെഫീക്കിന്റെ ശ്രമം. അറസ്റ്റ് ചെയ്ത പ്രതിയെ പതിന്നാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഷെഫീക്കിൽനിന്ന് ഈ സ്വർണം വാങ്ങാനാണ് പാലക്കാട് ചെർപ്പുളശ്ശരിയിൽനിന്ന് അഞ്ചംഗ സംഘമെത്തിയതെന്നാണ് കസ്റ്റംസിൽനിന്ന് ലഭിക്കുന്ന വിവരം. ചെർപ്പുളശ്ശേരിയിൽനിന്നെത്തിയ സംഘം കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ അപകടത്തിലാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 4.45-നായിരുന്നു കോഴിക്കോട് രാമനാട്ടുകരയിൽവെച്ച് ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൊലേറോ യാത്രികരായ പാലക്കാട് ചെർപ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളുമായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്.
പാലക്കാടുനിന്നുള്ള സംഘം സ്വർണം വാങ്ങി മടങ്ങിപ്പോകുമ്പോൾ, അവരിൽനിന്ന് അത് തട്ടിയെടുക്കാൻ മറ്റൊരു സംഘം കണ്ണൂർ ജില്ലയിൽനിന്നും എത്തിയിരുന്നതായാണ് ലഭിക്കുന്ന സൂചനകൾ. എന്നാൽ മുഹമ്മദ് ഷഫീക്ക് പിടിയിലായത് പാലക്കാടുനിന്നുള്ള സംഘവും കണ്ണൂരിൽനിന്നുള്ള സംഘവും അറിഞ്ഞിരുന്നില്ല. തുടർന്ന് ഷഫീക്ക് പിടിയിലായത് അറിഞ്ഞ് പാലക്കാടുനിന്നുള്ള സംഘം മടങ്ങിപ്പോവാൻ തയ്യാറെടുത്തു.
ഈ സമയത്ത് പാലക്കാടുനിന്നുള്ള സംഘം കണ്ണൂരിൽനിന്നുള്ള സംഘത്തെ കാണുകയും അവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തുവെന്നാണ് വിവരം. തങ്ങളിൽനിന്ന് സ്വർണം തട്ടിയെടുക്കാൻ വന്നവരാണ് കണ്ണൂർ സംഘമെന്ന് പാലക്കാടുനിന്നുള്ളവർക്ക് മനസ്സിലായി. അതിനു പിന്നാലെയുണ്ടായ സംഭവങ്ങളുടെ തുടർച്ചയായാണ് രാമനാട്ടുകരയിൽ ഉണ്ടായ അപകടമെന്നാണ് സൂചന.
ഇന്നലെയും കരിപ്പുരിൽ വൻസ്വർണവേട്ട നടന്നിരുന്നു. മൂന്നരക്കോടിയിലധികം രൂപയുടെ സ്വർണവും സ്വർണമിശ്രിതവും പിടികൂടിയിരുന്നു. ഇതിനു പിന്നാലെ ഇന്നും കർശന പരിശോധന നടത്തിയപ്പോഴാണ് രണ്ടരക്കിലോയോളം സ്വർണം പിടിച്ചെടുത്തത്.
content highlights:ramanattukara accident: role of gold smuggling team becomes clear