കൊച്ചി: ഇന്ധനവില വർധനക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം. പതിനഞ്ച് മിനിറ്റ് നിരത്തിൽ വാഹനങ്ങൾ നിർത്തിയിട്ടായിരുന്നു പ്രതിഷേധം. സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
കൊച്ചി കലൂരിൽ നടന്ന സമരം സി പി ഐ എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നിർവഹിച്ചു. പതിനൊന്ന് മണിമുതൽ പതിനഞ്ച് മിനിറ്റ് വാഹനങ്ങൾ നിർത്തിയിട്ടായിരുന്നു സമരം. സമരത്തിൽ വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികളും തൊഴിലാളികളും പങ്കെടുത്തു.
നിത്യചെലവിന് പോലും വരുമാനം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ കണ്ടെങ്കിലും സർക്കാരുകൾ ഇന്ധനവില വർധിപ്പിച്ചുള്ള കൊള്ള അവസാനിപ്പിക്കണമെന്ന് ഒരു യാത്രക്കാരൻ പ്രതികരിച്ചു. നിരത്തിൽ വാഹനങ്ങൾ നിർത്തിയിട്ടുള്ള സമരത്തെ ജനങ്ങൾ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്തു. പതിനഞ്ച് മിനിറ്റ് വലിയ ഗതാഗത തടസ്സമാണ് നേരിട്ടത്. പിന്നാലെ പോലീസ് എത്തി വാഹനങ്ങളെ നിയന്ത്രിച്ചു.
ഇന്ധനവില ദിനംതോറും വർധിക്കുന്നത് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതിനെ തുടർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ട്രേഡ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.
Content Highlights:vehicles stand still protest against fuel price hike in kochi