കൊല്ലം: സി.പി.ഐ. സംസ്ഥാന കൺട്രോൾ കമ്മീഷൻ മുൻ ചെയർമാനും പാർട്ടിയുടെ പ്രമുഖ നേതാക്കളിൽ ഒരാളുമായിരുന്ന പ്രൊഫ. വെളിയം രാജൻ (84) അന്തരിച്ചു. രാവിലെ 11 മണിക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദീർഘകാലം എസ്.എൻ. കോളേജിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനായിരുന്നു. കേരളത്തിലെ സ്വകാര്യ കോളേജ് അധ്യാപകരെ സംഘടിപ്പിക്കുന്നതിൽ രാജൻ വലിയ പങ്കു വഹിച്ചു. 1965-ൽ ഭക്ഷ്യക്ഷാമത്തിനെതിരായി വിദ്യാർഥികൾ നടത്തിയ സമരത്തിൽ പങ്കെടുത്ത് പോലീസ് മർദനത്തിന് ഇരയായി. വില്ലേജ് ഓഫീസർ ഉദ്യോഗം രാജി വച്ചാണ് ബിരുദാനന്തര പഠനത്തിനെത്തിയത്.
വെളിയം ഭാർഗവൻ, കോട്ടാത്തല സുരേന്ദ്രൻ, വെളിയം ദാമോദരൻ, എൻ.നാരായണനുണ്ണി തുടങ്ങിയവരോടൊപ്പം കൊട്ടാരക്കര താലൂക്കിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പങ്കു വഹിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, കൊല്ലം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ എന്നീ നിലകളിൽ മികച്ച പ്രവർത്തനം നടത്തി. പാർട്ടി വിദ്യാഭ്യാസ രംഗത്തും പ്രവർത്തിച്ചു.