കൊച്ചി: രാജ്യദ്രോഹക്കേസിൽ ആയിഷ സുൽത്താനയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് മണിക്കൂർ നേരം ചോദ്യം ചെയ്യൽ നീണ്ടു. അന്വേഷണ സംഘം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആവശ്യമെങ്കിൽ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ അഭിഭാഷകർക്കൊപ്പമാണ് ആയിഷ കവരത്തി പോലീസ് ഹെഡ്ക്വാട്ടേസിൽ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാനായി കഴിഞ്ഞ ദിവസമാണ് ആയിഷ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്. നാല് ദിവസം കൂടി ആയിഷ ലക്ഷദ്വീപിൽ തുടരും.
ജൈവായുധ പരാമർശങ്ങളുടെ പേരിൽ ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കേസ് എടുത്തത്. താൻ വിമർശനമാണ് ഉന്നയിച്ചതെന്ന വാദഗതിയാണ് ആയിഷ ചോദ്യം ചെയ്യലിൽ പോലീസിനോടും ആവർത്തിച്ചതെന്നാണ് സൂചന.
കേസിൽ അറസ്റ്റ് ചെയ്താൽ ആയിഷയ്ക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിർദേശം നൽകിയിരുന്നു. ഒരാഴ്ചയാണ് കോടതിയുടെ ഇടക്കാല ഉത്തരവിന്റെ കാലാവധി.
ജൈവായുധ പരാമർശം നടത്തിയത് അബദ്ധത്തിലാണെന്നും അത് തെറ്റാണെന്ന് മനസിലായപ്പോൾ തന്നെ ആയിഷ മാപ്പു പറഞ്ഞിരുന്നതായും ആയിഷയുടെ അഭിഭാഷകൻ നേരത്തെ കോടതിയിൽ പറഞ്ഞിരുന്നു. ഭരണകൂടത്തെ വിമർശിക്കുകയാണ് ചെയ്തത്. അല്ലാതെ വിദ്വേഷ പ്രചരണമല്ല തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ജനങ്ങളെ രാജ്യത്തിനെതിരേ അക്രമകത്തിന് പ്രേരിപ്പിച്ചിട്ടില്ലെന്നും ആയിഷ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
content highlights:aisha sulthana interrogation completed in sedition case