കൊച്ചി: ലക്ഷദ്വീപിന്റെ അധികാര പരിധി കേരള ഹൈക്കോടതിയിൽ നിന്ന് കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ നീക്കം. ഇതുസംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം കേന്ദ്രസർക്കാരിന് ശുപാർശ നൽകിയെന്നാണ് സൂചന.
കേന്ദ്രഭരണ പ്രദേശങ്ങൾ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാർലമെന്റാണ്. ഇതുപ്രകാരം നിലവിൽ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളെല്ലാം. അധികാര പരിധി മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശുപാർശയിൽ കേന്ദ്രത്തിന് തീരുമാനം എടുക്കേണ്ടിവരും. പാർലമെന്റ് ചേർന്നാണ് ഇതുനടപ്പാക്കേണ്ടത്.
ലക്ഷദ്വീപിലെ പുതിയ ഭരണപരിഷ്കാരങ്ങൾക്കെതിരേ നിലവിൽ കേരള ഹൈക്കോടതിയിൽ നിരവധി ഹർജികളുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരേയുള്ള സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും കേരള ഹൈക്കോടതിയിലേക്ക് വരാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അധികാര പരിധി കർണാടകയിലേക്ക് മാറ്റാൻ ലക്ഷദ്വീപ് ഭരണകൂടം നീക്കങ്ങൾ ആരംഭിച്ചത്.
content highlights:lakshadweep administration recommended to change jurisdiction to karnataka highcourt