തൃശൂര്> ക്രിമിനലുകളെ കെപിസിസി പ്രസിഡന്റാക്കുന്നത് അപകടകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്. മുഖ്യമന്ത്രിയെ ചവിട്ടിയെന്ന് പൊങ്ങച്ചം പറഞ്ഞ് ആളെക്കൂട്ടുന്നയാളാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. മുഖ്യമന്ത്രിയെപ്പോലും ഭീഷണിപ്പെടുത്തുന്ന അപക്വമായ രാഷ്ട്രീയം തിരുത്തുന്നതിനു പകരം ഉമ്മന്ചാണ്ടിയും രമേശ് ചെന്നിത്തലയും ന്യായീകരിക്കുകയാണ്. സിപിഐ എം മാടക്കത്തറ ലോക്കല് കമ്മിറ്റി നിര്മിച്ചു നല്കിയ വീടിന്റെ താക്കോല്ദാനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു വിജയരാഘവന്.
കെപിസിസി പ്രസിഡന്റാകാന് മര്യാദക്കാരെ അന്വേഷിച്ചില്ല. ഇപ്പോഴുള്ളവരില് ഏറ്റവും കുഴപ്പക്കാരനെയാണ് കണ്ടെത്തിയത്. സംസാരിച്ചാല് ഗുണ്ടായിസമാണ് പറയുന്നത്. മുഖ്യമന്ത്രിയെ ചവിട്ടിയെന്നാണ് പറയുന്നത്. അത് നേരെ പറയില്ല. ഇപ്പോള് വാര്ത്ത എഴുതിയ ലേഖകര്ക്കായി കുറ്റം. മുഹമ്മദ് അബ്ദുറഹിമാന് സാഹിബുള്പ്പെടെ ഒട്ടേറെ ഉന്നതര് നയിച്ച കോണ്ഗ്രസിന്റെ ഉന്നത സ്ഥാനത്തേക്ക് ഗുണ്ടകളെയാണ് നിയോഗിക്കുന്നത്.
ഇ എം എസ് സര്ക്കാര് മുതല് തുടങ്ങിയ കേരളത്തിലെ ഇടതുപക്ഷ സര്ക്കാരുകള്ക്ക് തുടര്ഭരണം ലഭിച്ചിരുന്നില്ല. എന്നാല് ഭരണാധികാരികളുടെ തെറ്റുകള്ക്കെതിരെ ജനങ്ങളെ അണിനിരത്തി എല്ഡിഎഫ് നിരന്തര പ്രക്ഷോഭം തുടര്ന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ എല്ഡിഎഫ് സര്ക്കാര് ജനപക്ഷത്ത് ഉറച്ചുനിന്ന് ക്ഷേമപ്രവര്ത്തനങ്ങള് നടത്തി. തല്ഫലമായാണ് പിണറായി സര്ക്കാരിന് തുടര്ഭരണം ലഭിച്ചത്. അതില് കമ്യൂണിസ്റ്റ് വിരുദ്ധര് അസ്വസ്ഥരാണ്.
പാവങ്ങള്ക്ക് വീട് നിര്മിച്ച് നല്കുമെന്ന് പ്രഖ്യാപിച്ചിട്ടും വീട് കൊടുക്കാത്ത പാര്ട്ടിയുടെ പ്രസിഡന്റാണ് കെ സുധാകരന്. എന്നാല് സിപിഐ എം കഴിഞ്ഞ സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ച പ്രകാരം നൂറുകണക്കിന് നിര്ധനര്ക്ക് വീട് നിര്മിച്ച് നല്കി വരികയാണ്. എല്ഡിഎഫ് സര്ക്കാര് ലൈഫ് പദ്ധതിപ്രകാരം പതിനായിരങ്ങള്ക്ക് വീട് നല്കിയെന്നും അദ്ദേഹം പറഞ്ഞു.