മാങ്കൊമ്പ്: കുട്ടനാടൻ ജനത നേടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എംഎൽഎ. വെള്ളപ്പൊക്ക ദുരിതം നീക്കാൻ ഹ്രസ്വ-ദീർഘകാല പദ്ധതികൾ വേണം. പുഴകളിലേയും കനാലുകളിലേയും എക്കലും ചെളിയും നീക്കണം. എ.സി റോഡിന്റെ നവീകരണത്തിന് സമ്പൂർണ പാരിസ്ഥിതിക പഠനം വേണം. ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ റോഡ് നവീകരണമാണോ സർക്കാരിന്റെ മുൻഗണനയെന്നും വിഡി സതീശൻ ചോദിച്ചു. കുട്ടനാട് സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സേവ് കുട്ടനാട് മൂവ്മെന്റിനെ എതിർക്കേണ്ട കാര്യമില്ല. ദുരിതമുണ്ടാകുമ്പോൾ പുതിയ സംഘടനകൾ ഉണ്ടാകും. അത് സ്വാഭാവികമാണ്. അവരെ മാവോയിസ്റ്റോ ഭരണകൂട വിരുദ്ധരോ ആയി കണക്കാക്കരുത്. അങ്ങനെ പറയുന്നത് ഏകാധിപത്യ ഭരണകൂടത്തിന്റെ സൂചനകളാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
കുട്ടനാടിനെ കരകയറ്റാൻ ഒന്നിച്ച് നിൽക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിച്ച അദ്ദേഹം സേവ് കുട്ടനാട് ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവിന് മുന്നിൽ കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾ പ്രശ്നങ്ങൾ അവതരിപ്പിച്ചു.
മടവീഴ്ചയും വെള്ളപ്പൊക്കവുമാണ് കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രധാനപ്രശ്നങ്ങൾ. ഇത് നോരിട്ട് കണ്ട് മനസ്സിലാക്കാനാണ് പ്രതിപക്ഷ നേതാവും സംഘവും കുട്ടനാട്ടിലെത്തിയത്.
Content Highlights:VD Satheesan on Save Kuttanad Campaign