തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മദ്യവിൽപന പുനരാരംഭിച്ചതിന് പിന്നാലെ വെയർഹൗസുകളുടെ മാർജിൻ കൂട്ടിയ ബെവ്കോ നടപടിക്കെതിരെ ബാറുടമകൾ. ഉദ്യോഗസ്ഥർക്ക്കമ്മീഷൻ തട്ടാൻ വേണ്ടിയാണ് ഇത്തരത്തിൽ മാർജിൻ വർധിപ്പിച്ചതെന്ന് ബാറുടമകൾ പറഞ്ഞു.
ബാറുകൾക്ക് എട്ട് ശതമാനത്തിൽ നിന്ന് 25 ശതമാനമായും കൺസ്യൂമർഫെഡിന് എട്ടിൽ നിന്ന് 20 ശതമാനമായുമാണ് മാർജിൻ ഉയർത്തിയിരുന്നത്. ഇതിൽ കൺസ്യൂമർഫെഡും ബാറുടമകളും പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ മുതൽ ബാറുകൾ തുറക്കില്ലെന്നാണ് ഫെഡറേഷൻസ് ഓഫ് ഹോട്ടൽ അസോസിയേഷന്റെ തീരുമാനം.
ഇതിന് പിന്നാലെയാണ് ബെവ്കോയിലെ ഉന്നത ഉദ്യോഗഗസ്ഥർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബാറുകളുടേയും കൺസ്യൂമർഫെഡുകളുടേയും പ്രവർത്തനം അനിശ്ചത്വത്തിലായാൽ മുഴുവൻ വിൽപനയും ബീവറേജ് ഔട്ട്ലെറ്റുകൾക്ക് ലഭിക്കും.
അതിലൂടെ മദ്യ വിതരണ കമ്പനികളിൽ നിന്ന് ഉദ്യോഗസ്ഥർക്ക് കൂടുതൽ കമ്മീഷൻ ലഭിക്കുമെന്നും ബാറുടമകൾ പറഞ്ഞു. അതേ സമയം സർക്കാർ വൃത്തങ്ങൾ ബാറുടമകളുമായി ചർച്ച നടത്തിവരുന്നുണ്ട്.