സുധാകരൻ ഉണ്ടാക്കുന്ന വിവാദത്തിലൊന്നും ഒരു കാര്യവുമില്ല. ഒരു വിവാദമുണ്ടാക്കി മരിച്ച് കിടക്കുന്ന കോൺഗ്രസിനെ ഒന്ന് ജീവിപ്പിക്കാൻ കഴിയുമോ എന്നാണ് അദ്ദേഹത്തിൻ്റെ ശ്രമം. ഇതിനപ്പുറം ഈ വിവാദങ്ങൾ കൊണ്ട് ഒരു കാര്യവുമില്ലെന്നും എം എം മണി പറഞ്ഞു.
സ്വന്തം പാർട്ടിയെ തന്നെയാണ് സുധാകരൻ നോക്കേണ്ടത്. സി പി എമ്മുകാർ അദ്ദേഹത്തിനെതിരെ ആയുധ പ്രയോഗവുമായി, കത്തിയിമായിട്ട് പോകുന്നില്ല. കത്തിയടക്കമുള്ളവയുമായി ഒളിച്ചിരിക്കുന്നത് കോൺഗ്രസിനുള്ളിൽ ഉള്ളവർ തന്നെയാാണ്. അവരിൽ നിന്ന് കുത്തേൽക്കാതിരിക്കാനാണ് സുധാകരൻ നേക്കേണ്ടതെന്നും എം എം മണി പറഞ്ഞു.
അതിനിടെ മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്ക് പോസ്‌റ്റുമായി സുധാകരൻ വീണ്ടും രംഗത്തെത്തി. ഏകാധിപതിയാണെന്ന് സ്വയം കരുതുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളതെന്ന് സുധാകരൻ പറഞ്ഞു.
“ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുന്നതിനൊപ്പം സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. ഒരു പിആർ ഏജൻസിക്കും അധികനാൾ കളവു പറഞ്ഞ് നിൽക്കാനാകില്ല. ഇനിയും ഇതു പോലെ പലതും പുറത്ത് വരാനുണ്ടെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ സുധാകരൻ പറഞ്ഞു. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി പിണറായി നടത്തിയ നെറികേടിൻ്റെ ഒരുപാട് ഇരകൾ ഇന്നും വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ ജീവിച്ചിരിപ്പുണ്ട്.
ഞാൻ പറഞ്ഞു വന്നത് ഇത്തരം സ്വഭാവ വൈകല്യങ്ങൾ ഉള്ള ഒരാൾക്ക് അധികാരം കൂടി ഉണ്ടായാൽ സർക്കാർ തന്നെ ഒരു അരാജത്വത്തിലേക്ക് കൂപ്പു കുത്തും. അതാണ് പലതരം അഴിമതികളുടെ രൂപത്തിൽ നാം കഴിഞ്ഞ അഞ്ചു വർഷമായി കാണുന്നത്. ഇതിനുള്ള ഏക പരിഹാരമായി ഞാൻ കാണുന്നത് വ്യക്തിപരമായ വിമർശനം മാത്രമാണെന്നും കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കി” – എന്നും സുധാകരൻ വ്യക്തമാക്കി.