തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ. മുരളീധരൻ എംപി. മരംമുറി വിഷയം ഇല്ലാതാക്കാനാണ് വിവാദം ഉണ്ടാകുന്നതെന്ന് മുരളീധരൻ പറഞ്ഞു. ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ 50 വർഷത്തെ ചരിത്രം പറയേണ്ട ആവശ്യമില്ല. ഊരിപ്പിടിച്ച വാളുമായല്ല, ഊരിപ്പിടിച്ച മഴുവുമായാണ് മുഖ്യമന്ത്രി ഇപ്പോൾ നടക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു.
മരം മുറിയിൽ മൊത്തം അഴിമതിയാണ്. എവിടെയൊക്കെ കാടുണ്ടോ അതെല്ലാം വെട്ടാൻ ശ്രമിച്ചിട്ടുണ്ട്. കുറേ വെട്ടിക്കടത്തിയിട്ടുമുണ്ട്. മുമ്പ് മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളിന് ഇടയിൽക്കൂടി നടന്നു എന്നല്ലേ പറയുന്നത്. ഇപ്പോൾ ഉയർത്തിപ്പിടിച്ച മഴുവുമായി കാണുന്ന മരം മുഴുവൻ വെട്ടിക്കൊണ്ടു പോകുന്നു. അതാണ് രണ്ടാം പിണറായി സർക്കാരിന്റെ അവസ്ഥ.
രണ്ടാം ഇടതുപക്ഷ സർക്കാരിനെ നാണം കെടുത്തിയ മരംമുറി പോലുള്ള സംഭവങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിന്റെ കൂടെ കൊടകര കുഴൽപ്പണ കേസ് ഇല്ലാതാക്കാനുള്ള ശ്രമവും മുഖ്യമന്ത്രി നടത്തുന്നു. മരംമുറി കേസ് ഇ.ഡി. അന്വേഷിക്കാതിരിക്കാൻ കൊടകര കുഴൽപ്പണ കേസ് വെച്ച് ഒത്തുതീർപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ആദ്യത്തെ ഒറ്റവരിയിൽ മറുപടി അവസാനിപ്പിക്കാമായിരുന്നില്ലേ എന്നും എന്തിനാണ് 50 വർഷത്തെ ചരിത്രം പറയുന്നതെന്നും മുരളീധരൻ ചോദിച്ചു. കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാവരും കൊണ്ടും കൊടുത്തും കഴിഞ്ഞിട്ടുണ്ടാകും. അതൊന്നും ചർച്ച ചെയ്യാൻ ഇപ്പോഴത്തെ സമൂഹത്തിന് താല്പര്യമില്ല. ഇങ്ങോട്ട് വാചക കസർത്ത് നടത്താൻ വന്നാൽ തിരിച്ചങ്ങോട്ടും പറയും. പക്ഷേ മേലുതൊട്ടുള്ള കളി കേരള രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ശൈലിയല്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Content Highlights: K Muraleedharan against CM Pinarayi Vijayan