ചേർത്തല: കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർ(65)ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.
തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ വച്ച് ശനിയാഴ്ച രാത്രിയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കുമായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെമുതൽ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു.
കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ 20 വർഷമായി ചേർത്തലയിലായിരുന്നു താമസം. അത്ഭുതചികിത്സകൾ നടത്തിയെന്ന അവകാശവാദങ്ങളുടെ പേരിൽ ഒട്ടേറെത്തവണ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്.
പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നരവയസ്സുണ്ടായിരുന്ന കുട്ടിയെ അശാസ്ത്രീയ ചികിത്സനൽകി മരണത്തിനിടയാക്കി എന്ന സംഭവത്തിൽ മോഹനൻ വൈദ്യരുടെ പേരിൽ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു. നിപ വൈറസ് ആരോഗ്യവകുപ്പിന്റെയും മരുന്നുകമ്പനികളുടെയും ഗൂഢാലോചനയാണെന്നു സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും കേസുണ്ട്. കൊറോണ വൈറസ്ബാധയ്ക്ക് വ്യാജചികിത്സ നൽകിയതിന് വൈദ്യരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇദ്ദേഹത്തിനെ ചികിത്സ നടത്തുന്നതിൽനിന്ന് ആരോഗ്യവകുപ്പ് വിലക്കി.
ഭാര്യ: ലത. മക്കൾ: രാജീവ്, ബിന്ദു. മരുമകൻ: പ്രശാന്ത്.