കോഴിക്കോട്
അച്ഛനെ ക്രിമിനലായി ചിത്രീകരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമ നടപടിയെടുക്കുമെന്ന് ഫ്രാൻസിസിന്റെ മകൻ ജോബി ഫ്രാൻസിസ്. ബ്രണ്ണൻ കോളേജിലെ പഠനകാലത്ത് ഫ്രാൻസിസ് മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയെന്ന് അഭിമുഖത്തിൽ അവകാശപ്പെട്ട സുധാകരൻ ഫ്രാൻസിസിനെ അക്രമിയായും ചിത്രീകരിച്ചു.
‘‘മറ്റൊരിക്കൽ ഫ്രാൻസിസ് എന്ന കെഎസ്യു പ്രവർത്തകൻ, കോളേജ് വളപ്പിൽ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി വിജയനെ മൈക്കെടുത്ത് ഒറ്റയടി. ഒഴിഞ്ഞുമാറിയില്ലെങ്കിൽ പിണറായിയുടെ തല പിളർന്നുപോകുമായിരുന്നു. അന്ന് കത്തിയുമായിട്ടാണ് ഫ്രാൻസിസിന്റെ നടപ്പ്.’’ ഈ പരാമർശത്തിനെതിരെയാണ് ജോബി ഫ്രാൻസിസ് രംഗത്തു വന്നത്. എപ്പോഴും കത്തിയുമായി നടക്കുന്ന വഴക്കാളിയായി പിതാവിനെ ചിത്രീകരിച്ചത് തെറ്റാണെന്ന് സമ്മതിച്ച് പരസ്യമായി മാപ്പുപറയണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും.
ദേവഗിരിയിലെ പ്രീഡിഗ്രി പഠനംകഴിഞ്ഞാണ് അച്ഛൻ ബ്രണ്ണനിലെത്തിയത്. കെഎസ്യു പ്രവർത്തകനായിരുന്ന അദ്ദേഹത്തിന്റെ സീനിയറായിരുന്നു പിണറായി. എ കെ ബാലൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരോടൊപ്പം ഹോസ്റ്റലിൽ ഒരു മുറിയിലായിരുന്നു അച്ഛനും. ഈ സൗഹൃദവും ബന്ധവും അച്ഛൻ മരിക്കുംവരെ തുടർന്നു. കൂരാച്ചുണ്ടിലും പരിസരത്തുമെത്തിയാൽ അച്ഛനോട് സൗഹൃദം പങ്കിടാതെ പിണറായി മടങ്ങാറില്ലായിരുന്നു. സർവകലാശാല വോളിബോൾ ടീം അംഗമായിരുന്ന അച്ഛൻ കുഴപ്പക്കാരനായിരുന്നില്ല. കത്തിയുമായി നടന്നിട്ടുമില്ല. എല്ലാവരോടും സ്നേഹത്തോടെയും സൗഹാർദത്തോടെയും ഇടപെട്ട, 21 വർഷം മുമ്പ് മരിച്ചയാളെ അക്രമിയാക്കിയതിൽ വിഷമമുണ്ട്. കെപിസിസി പ്രസിഡന്റിനെപ്പോലുള്ളവർ രാഷ്ട്രീയനേട്ടത്തിനാണെങ്കിലും വാസ്തവവിരുദ്ധമായവ പ്രചരിപ്പിക്കരുത്. സുധാകരൻ പരാമർശം പിൻവലിക്കണം–- ജോബി ഫ്രാൻസിസ് പറഞ്ഞു.