കൊച്ചി
സ്കൂൾ അസംബ്ലി മിസ്സ് ചെയ്യുന്നുണ്ടോ..? ഉണ്ടെങ്കിൽ, ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ഷീ അസംബ്ലി’യിൽ പങ്കുചേരാം. കൂട്ടുകാർക്കൊപ്പം സ്കൂൾമുറ്റത്ത് വരി വരിയായി നിൽക്കാനാകില്ലെങ്കിലും, സ്കൂൾ അസംബ്ലിയുടെ അതേ ആർജവത്തോടെ വീട്ടിലിരുന്ന് ഓൺലൈനായി അസംബ്ലിയുടെ ഭാഗമാകാം. ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിൽ സെല്ലാണ് ഇതിനുപിന്നിൽ. കോവിഡ് സാഹചര്യത്തിൽ സ്കൂളിൽ എത്താനാകാതെ മാനസികസമ്മർദം അനുഭവിക്കുന്ന കൗമാരക്കാരായ വിദ്യാർഥിനികൾക്ക് ആത്മവിശ്വാസം നൽകുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഞായറാഴ്ചയാണ് ഷീ അസംബ്ലിക്ക് തുടക്കമായത്. ഞായറാഴ്ചകളിൽ രാവിലെ ഒമ്പതുമുതൽ 9.30 വരെയാണ് അസംബ്ലി. പ്രാർഥന, വാർത്താവതരണം, ഇന്നത്തെ ചിന്താവിഷയം, ദേശീയഗാനം എന്നിങ്ങനെ അസംബ്ലിയുടെ എല്ലാ ചേരുവകളുമുണ്ട്.
ഓരോ ആഴ്ചയും ഓരോ ജില്ലയാണ് ഷീ അസംബ്ലി അവതരിപ്പിക്കുന്നത്. ഈ ഞായറാഴ്ച എറണാകുളം ജില്ലയുടെ ഊഴമാണ്. സിനിമാനടി നിഖില വിമൽ മുഖ്യാതിഥിയായെത്തും. കദളിക്കാട് വിമലമാതാ എച്ച്എസ്എസിലെ ദിയ ജോർജാണ് ആങ്കറിങ്. തൃപ്പൂണിത്തുറ ഗവ. ഗേൾസ് എച്ച്എസ്എസിലെ ആരഭി പി ബിജു ഈശ്വരപ്രാർഥനയും കാർത്തിക എസ് മേനോൻ ദേശീയഗാനവും അവതരിപ്പിക്കും. ഇന്നത്തെ ചിന്താവിഷയവുമായി എത്തുന്നത് വാളകം മാർ സ്റ്റീഫൻ എച്ച്എസ്എസിലെ ഡോണ മേരി ബിനോയ്യാണ്. വെണ്ണിക്കുളം സെന്റ് ജോർജ് എച്ച്എസ്എസിലെ എയ്ഞ്ചൽ സണ്ണിയാണ് നന്ദി പറയുക. കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസിലെ സിൽജ റോസ് ജോമോൻ വാർത്ത വായിക്കും.
ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിൽ സെല്ലിന്റെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന 165 സൗഹൃദ ക്ലബ്ബുകളിലൂടെ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലാണ് ഷീ അസംബ്ലി അവതരിപ്പിക്കാനുള്ള വിദ്യാർഥിനികളെ തെരഞ്ഞെടുത്തത്. ആറുദിവസം ഒരുമണിക്കൂർവീതം ഓൺലൈനായി പരിശീലിപ്പിച്ചു. ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിൽ സെൽ വിദ്യാഭ്യാസ ജില്ലാ കൺവീനർമാരായ റിജി പൗലോസ്, ജി ജയശ്രീ, ഡോ. വി സനൽകുമാർ, വി എസ് പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.
ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനത്തൊട്ടാകെ ഏകദേശം ഒമ്പതുലക്ഷം കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ 60 ശതമാനവും പെൺകുട്ടികളാണ്. ഇവരെയെല്ലാം ഷീ അസംബ്ലിയുടെ ഭാഗമാക്കാനാണ് അധികൃതരുടെ ശ്രമം. 1000 പേർക്ക് സൂം പ്ലാറ്റ്ഫോമിൽ നേരിട്ട് അസംബ്ലിയിൽ പങ്കെടുക്കാം. ബാക്കിയുള്ളവർക്ക് https://youtube.com/c/CareerGuidanceAdolescentCounselingCellCGAC എന്ന ലിങ്കിലൂടെ ലൈവായി അസംബ്ലിയിൽ പങ്കെടുക്കാമെന്ന് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിൽ സെൽ ജില്ലാ കോ–-ഓർഡിനേറ്റർ ഡോ. സി എ ബിജോയ് പറഞ്ഞു.