കണ്ണൂർ > മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനവും രാഷ്ട്രീയ ക്രിമിനലിസത്തിന്റെ നേർക്കാഴ്ച. മുൻകാല ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇതുവരെ ന്യായീകരിച്ച രാഷ്ട്രീയ കൊലപാതകത്തെയും വെറുംകൈയ്യബദ്ധമായി ഏറ്റുപറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറെ ചർച്ചയായതാണ് നൽപാടി വാസുവിനെ വെടിവച്ചുകൊന്നതും സേവറി ഹോട്ടലിന് ബോംബെറിഞ്ഞ് സിപിഐ എം പ്രവർത്തകൻ നാണുവിനെ കൊന്നതും.
രണ്ടും തന്റെ ഗുണ്ടാസംഘത്തിന്റെ വീഴ്ചയാണെന്നാണ് തുറന്നുസമ്മതിച്ചത്. അക്രമികളെ വെടിവെച്ചപ്പോൾ അബദ്ധത്തിൽ നാൽപാടിവാസുവിന് കൊണ്ടുവെന്നാണ് പുതിയന്യായം. ആക്രമിക്കാൻ വന്നപ്പോൾ വെടിവച്ചുവെന്നായിരുന്നു ഇതുവരെയുള്ള വാദം. മട്ടന്നൂരിലെ പൊതുയോഗത്തിൽ അവിടെയൊരുത്തനെ വെടിവച്ചിട്ടുണ്ടെന്ന് വീരവാദവും മുഴക്കിയിരുന്നു. തന്റെ ‘കുട്ടികൾക്ക്’ കൈയ്യബദ്ധം പറ്റിയതാണ് സേവറി ഹോട്ടൽ അക്രമം എന്ന് പറഞ്ഞ് ആ കേസിലും പ്രധാനപ്രതിയാണെന്ന് സ്വയം സമ്മതിച്ചു.
മനോരമ വാരികയിലെ അഭിമുഖത്തെയും സുധാകരൻ തള്ളിപ്പറഞ്ഞു. താൻ പറയാത്തതാണ് അടിച്ചുവന്നതെന്നാണ് വിശദീകരണം. വാരിക പുറത്തിറങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പറഞ്ഞതല്ല പ്രസിദ്ധീകരിച്ചതെങ്കിൽ ഇതുവരെ എന്തേ മിണ്ടിയില്ല. എന്നിട്ടും വീരസ്യത്തിന് സാക്ഷിപറയാൻ ശനിയാഴ്ച കൂടെയിരുത്തിയത് കണ്ടോത്ത് ഗോപിയെന്ന പഴയ ആർഎസ്എസ്സുകാരനെ. മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കിൽ ആ കള്ളം അതേപടി തുടരുമായിരുന്നു. മുഖ്യമന്ത്രി അത് തകർത്തതിലുള്ള വെപ്രാളവും ആക്രോശവുമാണ് വാർത്താസമ്മേളനത്തിൽ പ്രകടമായതും.
പ്രതിയെന്ന് പറഞ്ഞത്
തിരുവഞ്ചൂർ
ഒരു കേസിലും പ്രതിയല്ലെന്ന സുധാകരന്റെ വാദം പൊളിക്കുന്നതാണ് 2013 ഫെബ്രുവരി 12ന് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് നിയമസഭയിൽ നൽകിയ മറുപടി. കെ സുധാകരനെ 12ാം പ്രതിയാക്കി മട്ടന്നൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചുവെന്നായിരുന്നു മറുപടി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ വാടക ഗുണ്ടകളെയയച്ച് വകവരുത്താൻ ശ്രമിച്ച കേസിലും സുധാകരൻ പ്രതിസ്ഥാനത്താണ്. സുധാകരന്റെ ഗുണ്ടാസംഘം അഴിച്ചുവിട്ട അക്രമ പരമ്പരകൾ എണ്ണിയാലൊടുങ്ങില്ല. 1987 മാർച്ച് 22ന് ചീമേനിയിൽ അഞ്ച് സിപിഐ എം പ്രവർത്തകരെ ഓഫീസ് കത്തിച്ച് ചുട്ടുംവെട്ടിയുംകൊന്ന കേസിലെ പ്രധാനപ്രതികൾ ഈ ഗുണ്ടാസംഘമാണ്.
സ്വന്തംതാൽപര്യത്തിന് എതിരായപ്പോൾ കൂടെനനിന്നവരെയും അരിഞ്ഞുവീഴ്ത്തിയിട്ടുണ്ട് സുധാകരൻ.
ഡിസിസി അംഗമായിരുന്ന പുഷ്പരാജിന്റെ കൈകാലുകൾ അടിച്ചുതകർത്ത് ജീവച്ഛവമാക്കി. കണ്ണൂർ മുൻ ഡെപ്യൂട്ടി മേയറും കോൺഗ്രസ് കൗൺസിലറുമായ പി കെ രാഗേഷും സുധാകരൻ തന്നെ വകവരുത്താൻ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.
മുൻ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനും സുധാകരന്റെ ഇരയായിരുന്നു. സുധാകരന്റെ രാഷ്ട്രീയത്തിലുപരിയായ സാമ്പത്തിക താൽപര്യങ്ങൾ തുറന്നുപറഞ്ഞതാണ് രാമകൃഷ്ണന് വിനയായത്. മമ്പറം ദിവാകരൻ ഉൾപ്പെടെയുള്ളവർ ആവർത്തിക്കുന്നതും ഇതേ രാഷ്ട്രീയ ക്രിമിനലിസത്തെക്കുറിച്ചാണ്.