കൊൽക്കത്ത > തൃണമൂൽ –-ബിജെപി ഏറ്റുമുട്ടലിന് പുതിയ പോർമുഖം തുറന്ന് ബംഗാളിൽ തെരഞ്ഞെടുപ്പുപരാതികളുടെ പ്രളയം. ഫലപ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതിയാണ് ഇരു പാർടിയും കൊൽക്കത്ത ഹൈക്കോടതിയിൽ ഫയൽ ചെയ്തത്.
നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനർജിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. വിദ്വേഷം സൃഷ്ടിക്കുന്ന പ്രചാരണം നടത്തിയെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും വേട്ടെണ്ണൽ അട്ടിമറിച്ചെന്നുമുള്ള മമതയുടെ പരാതിയില് 24നു വാദം കേൾക്കും.മറ്റു നിരവധി തൃണമൂൽ സ്ഥാനാർഥികളും ഹൈക്കോടതിയെ സമീപിച്ചു.
നേരിയ വോട്ടിന് പരാജയപ്പെട്ട മണ്ഡലങ്ങളിലെ ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ പരാതി നൽകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. അതിനിടെ, ബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗിയ തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്താകെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
ബീർഭും ജില്ലയിൽ തെരഞ്ഞെടുപ്പിനുമുമ്പ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മുന്നൂറിലധികം പ്രവർത്തകരെ ഗംഗാജലം തളിച്ച് തിരിച്ചെടുത്തു. അഭിനേത്രിയും പ്രമുഖ ബിജെപി നേതാവുമായ രൂപ ഗാംഗുലി രാഷ്ടീയം ഉപേക്ഷിക്കുന്നതായി അറിയിച്ചു.