തിരുവനന്തപുരം: ബ്രണ്ണൻ കോളേജിൽ കെ.എസ്.യുവിനെ നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് കെ സുധാകരനാണെന്ന് മുൻമന്ത്രി എകെ ബാലൻ. കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തിൽ സുധാകരൻ ജനതാ പാർട്ടിക്കൊപ്പമായിരുന്നു. 18 വർഷത്തോളം കഴിഞ്ഞാണ് പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. സുധാകരന്റെ തനിസ്വഭാവവും പൊതുസമൂഹം അറിയാനാണ് ചില കാര്യങ്ങൾ പറയാൻ നിർബന്ധിതമായതന്നെും സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ബാലൻ പ്രതികരിച്ചു.
അനാവശ്യ കാര്യങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കിയതിലൂടെ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് സുധാകരൻ നടത്തിയത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞതുകൊണ്ടു മാത്രമല്ല, സമൂഹത്തിന് മുന്നിൽ പിണറായി ഭീരുവാണെന്നും തന്റെ മുന്നിൽ നട്ടെല്ലോടെ നിൽക്കാനുള്ള ശക്തി പിണറായിക്ക് ഇല്ലെന്നുമുള്ള ജൽപനങ്ങൾ സുധാകരൻ ആവർത്തിച്ചതോടെയാണ് മറുപടി പറയാൻ മുഖ്യമന്ത്രി നിർബന്ധിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിലൂടെ ഒരു കോൺഗ്രസുകാരനും പ്രതിരോധിക്കാൻ പറ്റാത്ത വിധത്തിൽ അദ്ദേഹം തരംതാഴ്ന്നുപോയെന്നും ബാലൻ പറഞ്ഞു.
സുധാകരൻ പറഞ്ഞ ബ്രണ്ണൻ കോളേജ് ചരിത്രം ശരിയല്ല. 1971ലാണ് മമ്പറം ദിവാകരൻ കോളേജിൽ ചേർന്നത് എന്നത് യാഥാർഥ്യമാണ്. എന്നാൽ 1968-69 കാലഘട്ടത്തിൽ ഞാൻ ബ്രണ്ണൻ കോളേജിൽ ചേർന്നിരുന്നു. കെഎസ്എഫിന്റെ തലശേരി താലൂക്ക് സെക്രട്ടറിയുമായിരുന്നു. സപ്തകക്ഷി സർക്കാരിന്റെ കാലഘട്ടമാണ് അന്ന്. വിദ്യാഭ്യാസ മന്ത്രി സിഎച്ച് മുഹമ്മദ് കോയയാണ്. ബ്രണ്ണൻ കോളേജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാൻ വന്ന സി.എച്ചിന് കെഎസ് യുവിന്റെമുദ്രാവാക്യങ്ങൾ കാരണം സംസാരിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. അപ്പോഴാണ് എല്ലാ ശക്തിയുമെടുത്ത് സുധാകരനെ നേരിട്ടതും അദ്ദേഹത്തെ കോളേജ് ചുറ്റിച്ചതും. അന്ന് സുധാകരന്റെ പാന്റ് ഊരി എന്നത് തന്നെയാണ് യാഥാർഥ്യം.
അതിന്റെ തൊട്ടടുത്ത വർഷം കോളേജിൽ കെ.എസ്.യുരണ്ടായി. സുധാകരൻ കെ.എസ്.യുവിൽ നിന്ന് മാറി. എൻഎസ്ഒയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നാലെ എസ്എഫ്ഐയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് സുധാകരൻ തന്നെ ഹോസ്റ്റലിൽ വന്ന് കണ്ടിരുന്നു. അതിന് താൻ അംഗീകാരവും നൽകി. എന്നാൽ എസ്എഫ്ഐയുടെ ജില്ലാ കമ്മിറ്റിയും കോളേജ് യൂണിറ്റും ഇതിനെ എതിർത്തു. സുധാകരനാണ് മത്സരിക്കുന്നതെങ്കിൽ വോട്ട് നൽകില്ലെന്ന നിലാപാടെടുത്തതോടെയാണ് താൻ തന്നെ മത്സരിച്ചതും ചെയർമാനായതും. ഇതിനായി സുധാകരന്റെ സഹായമുണ്ടായെന്നും അദ്ദേഹം പറഞ്ഞു
കെ.എസ്.യുവിനെ ബ്രണ്ണൻ കോളേജിൽ നശിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ആളാണ് സുധാകരൻ. പിന്നീട് കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തിൽ അദ്ദേഹം കോൺഗ്രസിനൊപ്പമായിരുന്നില്ല, ജനതാ പാർട്ടിയിലും മറ്റുമായിരുന്നു. 17, 18 വർഷക്കാലം സുധാകരന് കോൺഗ്രസുമായി ബന്ധമുണ്ടായിരുന്നില്ല. പിന്നീടാണ് കോൺഗ്രസിലേക്ക് തിരിച്ചെത്തിയത്.
പിണറായായിയെ മർദ്ദിച്ചെന്നഅവകാശവാദവും തെറ്റാണ്. അന്ന് ക്ലാസ് ബഹിഷ്കരണവുമായി ബന്ധപ്പെട്ട് കെഎസ്എഫ് മുദ്രാവാക്യം വിളിച്ചെത്തിയെങ്കിലും ബയോളജി മാഷ് ക്ലാസ് വിട്ടില്ല. അപ്പോഴാണ് സുധാകരന്റെ നേതൃത്വത്തിൽ കുറച്ചാളുകൾ എത്തി തന്നെ ആക്രമിക്കാനൊരുങ്ങിയത്. ആ സമയത്താണ് ക്യാമ്പസിലുണ്ടായിരുന്ന പിണറായി വിജയൻ ക്ലാസിന് സമീപത്തേക്കെത്തിയത്. സംഘർഷം ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. സുധാകരൻ ഒരു ശരീരഭാഷ പ്രയോഗിച്ചപ്പോഴാണ് പിണറായിയും ആ രീതിയിൽ തന്നെ തിരികെ പ്രതികരിക്കുന്നതും. ഇതിനിടെ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ചെയ്തു. ഇത്രമാത്രമാണ് അന്നവിടെ നടന്നതെന്നും ബാലൻ വിശദീകരിച്ചു.
പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ ശ്രമം നടത്തിയെന്നതും യാഥാർഥ്യമാണ്. അക്കാര്യം പിണറായിയോട് പറഞ്ഞ അതേ കോൺഗ്രസ് നേതാവ് തന്നെ തന്നോടും ഇക്കാര്യം പറഞ്ഞിരുന്നു. അദ്ദേഹവും മമ്പറം ദിവാകരനുമെല്ലാം അടങ്ങിയ ഒരു സെറ്റായിരുന്നു ബ്രണ്ണൻ കോളേജിലെ എസ്എഫ്ഐയെ ആക്രമിക്കുന്നതിന് നേതൃത്വം നൽകിയത്. പിന്നീട് അദ്ദേഹം ആ ക്രിമിനൽ സ്വഭാവത്തിൽ നിന്ന് മാറി. എന്നാൽ സുധാകരനുമായി നല്ല ബന്ധമുണ്ടായിരുന്നു. ആ ബന്ധം ഉപയോഗപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോകാനുള്ള ഓപ്പറേഷൻ ഇദ്ദേഹത്തിന് മനസിലാകുന്നതും പിണറായിയോട് പറയുന്നതും. അക്കാര്യത്തിൽ പരാതി നൽകേണ്ടതായിട്ട് തോന്നിയിട്ടില്ല. കാരണം സുധാകരൻ അങ്ങനെ ചെയ്താൽ പോലീസിനെ അറിയിക്കാതെ തന്നെ അതിനെ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നു.
പിണറായി വാർത്താ സമ്മേളനത്തിൽ സുധാകരനെതിരേ പറഞ്ഞ കാര്യങ്ങളെല്ലാം മമ്പറം ദിവാകരനും മറ്റ് കോൺഗ്രസ് നേതാക്കളും പറഞ്ഞ കാര്യങ്ങളാണ്. അതാണ് പിണറായി എഴുതികൊണ്ടുവന്ന് വായിച്ചത്. അതിനുള്ള മറുപടി സുധാകരൻ അവർക്കാണ് നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights:AK Balan allegation against K Sudhakaran