തൃശ്ശൂർ: പോലീസ് സേനയിലെ സേവനത്തിനുശേഷം വിരമിച്ച് മരണമടയുന്ന നായ്ക്കൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രം തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണിത്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളിൽ പുഷ്പാർച്ചന ചെയ്താണ് ഡി.ജി.പി അന്ത്യവിശ്രമകേന്ദ്രം സമർപ്പിച്ചത്. കേരളപോലീസ് അക്കാദമി പരിശീലനവിഭാഗം ഐ.ജി പി വിജയൻ ചടങ്ങിൽ പങ്കെടുത്തു.
പോലീസ് നായ്ക്കളുടെ വിശ്രമകേന്ദ്രമായ വിശ്രാന്തിയോട് ചേർന്നാണ് പുതിയ സംവിധാനം. പോലീസ് സർവീസിലെ നായ്ക്കളുടെ ത്യാഗങ്ങൾ, നേട്ടങ്ങൾ, മികച്ച ഇടപെടലുകൾ എന്നിവ ഇവിടെ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും. ഇതോടൊപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.
സേവന കാലാവധി പൂർത്തിയാക്കുന്ന പോലീസ് നായ്ക്കൾക്ക് വിശ്രമ ജീവിതത്തിനായി കേരളാ പോലീസ് അക്കാദമിയിൽ വിശ്രാന്തി എന്ന പേരിൽ ഇപ്പോൾത്തന്നെ റിട്ടയർമെന്റ് ഹോം നിലവിലുണ്ട്. സർവീസ് പൂർത്തിയാക്കിയ നായ്ക്കൾക്ക് ജീവിതാന്ത്യംവരെ വിശ്രമിക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള വിശ്രമസ്ഥലമാണ് വിശ്രാന്തി. 2019 മെയ് 29-ന് ആരംഭിച്ച വിശ്രാന്തിയിൽ ഇപ്പോൾ 18 നായ്ക്കൾ ഉണ്ട്.
വെറ്ററിനറി ഡോക്ടർമാരുടെ സേവനവും ശ്രദ്ധയും ഇവിടെ ആവശ്യത്തിന് ലഭ്യമാക്കുന്നുണ്ട്. ഡോക്ടർമാരുടെ നിർദ്ദേശാനുസരണം സമീകൃത ആഹാരമാണ് ഇവയ്ക്ക് നൽകുന്നത്. പ്രായം, ആരോഗ്യ പ്രകൃതി, തൂക്കം എന്നിവയ്ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം ഭക്ഷണം നൽകുന്നു. നായ്ക്കൾക്കായി നീന്തൽക്കുളം, കളിസ്ഥലം, ടി.വി കാണാനുള്ള സംവിധാനം തുടങ്ങിയവയും വിശ്രാന്തിയിൽ ഒരുക്കിയിട്ടുണ്ട്.
content highlights:funeral facility for retired police dogs in kerala police academy