കോഴിക്കോട്: മുഖ്യമന്ത്രിയുടെയും കെ.പി.സി.സി പ്രസിഡന്റിന്റെയും ചട്ടമ്പിത്തരം വിളമ്പി വർത്തമാന രാഷ്ട്രീയം മലീമസമാക്കരുതെന്ന് ബി.ജെ.പി. നേതാവ് പി.കെ. കൃഷ്ണദാസ്. നിന്നേക്കാൾ വലിയ ചട്ടമ്പി താനാണെന്ന മട്ടിലാണ് മുഖ്യമന്ത്രി വീമ്പ് പറയുന്നത്. കോവിഡ് പ്രതിരോധം പോലെ വലിയ ഉത്തരവാദിത്വം ഒരു ഭാഗത്ത്, വനംകൊള്ള പോലെ ഗുരുതരമായ അഴിമതി ആരോപണം മറുഭാഗത്ത്. ഇതിനിടയിൽ ചട്ടമ്പിത്തരം പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർക്കളരിയിൽ ഇരുവരും ഗുണ്ടകളായിരുന്നു. ആരായിരുന്നു ഏറ്റവും വലിയ ഗുണ്ടയെന്ന കാര്യത്തിലായിരിക്കണം തർക്കം. അത്തരം തർക്കങ്ങൾ സ്വകാര്യമായി തീർത്ത് ഉത്തരവാദിത്വങ്ങളിൽ ശ്രദ്ധിയ്ക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. കെ.പി.സി.സി. അധ്യക്ഷനിൽനിന്ന് ഇത്രയും പ്രതീക്ഷിച്ചാൽ മതി. പക്ഷെ മുഖ്യമന്ത്രി പഴയ പാർട്ടി സെക്രട്ടറി അല്ലെന്ന് ഓർത്താൽ നന്നെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
Content Highlights: P K Krishna Das against CM pinarayi vijayan and K Sudhakaran