കൽപ്പറ്റ: സി.കെ.ജാനു തന്നത് വായ്പ വാങ്ങിയ പണമാണെന്ന് കൽപ്പറ്റ മുൻ എം.എൽ.എ. സി.കെ. ശശീന്ദ്രൻ. മൂന്നുലക്ഷം രൂപ 2019-ൽ സി.കെ. ജാനു വാങ്ങിയിരുന്നു. പണം വാങ്ങിയത് അക്കൗണ്ടിലൂടെയാണ്. വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. പണത്തിൽ ഒരു ഭാഗം നേരത്തെ തന്നിരുന്നു. ബാക്കിയുള്ളത് കഴിഞ്ഞ മാർച്ചിലും തന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാഹനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാനാകുമോ എന്ന് ജാനു തന്നോട് അന്വേഷിച്ചിരുന്നു. ആദ്യം താൻ അവരെ ഡ്രൈവേഴ്സ് സൊസൈറ്റിക്കാരുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്തുകൊണ്ടോ അവിടെനിന്ന് ലോൺ ലഭിച്ചില്ല. 2019 ഒക്ടോബർ മാസത്തിൽ മൂന്നുലക്ഷം രൂപ അക്കൗണ്ട് വഴി ജാനുവിന് കൊടുത്തു. 2020-ൽ ഒന്നരലക്ഷം രൂപ അക്കൗണ്ടിലൂടെ തന്നെ തിരികെത്തന്നു. ബാക്കിയുള്ള ഒന്നരലക്ഷം രൂപ 2021 മാർച്ചിലും തന്നു. പണം ബാങ്ക് വഴിയാണ് കൊടുത്തതെന്നും ബാങ്ക് വഴിയാണ് ജാനു തിരിച്ചു നൽകിയതെന്നും ശശീന്ദ്രൻ വ്യക്തമാക്കി. വ്യക്തിപരമായ സാമ്പത്തിക സഹായം എന്ന നിലയ്ക്കാണ് പണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിയാകാൻ സി.കെ. ജാനുവിന് കെ. സുരേന്ദ്രൻ നൽകിയ പണം, ജാനു സി.കെ. ശശീന്ദ്രന്റെ ഭാര്യക്ക് കൈമാറിയെന്ന് എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് പോലീസിന് മൊഴി നൽകിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശശീന്ദ്രൻ.
content highlights:ck saseendran on janu money controversy