കൊച്ചി: ബ്രണ്ണൻ കോളേജിൽ തന്നെ അർദ്ധനഗ്നനായി നടത്തിയെന്ന് പിണറായി തെളിയിച്ചാൽ രാഷ്ട്രീയം നിർത്തുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. “ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് സി.എച്ചിന്റെ പരിപാടി കലക്കിയെന്ന് എനിക്കെതിരെ ചാർത്തപ്പെട്ട മറ്റൊരു കുറ്റം. എവിടെയോ ലക്ഷ്യംവെച്ചാണ് ആ മർമപ്രയോഗം എന്നെനിക്കറിയാം. പക്ഷേ അതിലൊന്നും കേരളത്തിലെ ജനങ്ങൾ കുലുങ്ങില്ല. സി.എച്ച്. മുഹമ്മദ് കോയ ബ്രണ്ണൻ കോളേജിൽ വന്നിരുന്നു. എതിർസംഘടനകൾ മുദ്രാവാക്യം വിളിച്ചിരുന്നു. അദ്ദേഹത്തിനെതിരെ അല്ലായിരുന്നു മുദ്രാവാക്യം. ആ പരിപാടിക്കെതിരെ ആയിരുന്നു. അതല്ലാതെ സി.എച്ചിനെ വ്യക്തിപരമായി ഒന്നും ആക്ഷേപിച്ചിട്ടില്ല.”
“എന്നെ അർധനഗ്നനായി കോളേജിന് ചുറ്റും നടത്തിച്ചുവെന്നാണ് പറയുന്നത്. എന്റെ കൂടെ പഠിച്ച ആയിരക്കണക്കിന് ആളുകൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. അധ്യാപകരുണ്ട്. ആരോടെങ്കിലും ചോദിച്ച് ഈ ആരോപണം ശരിയാണെന്ന് പറഞ്ഞാൽ ഞാൻ എല്ലാ പണിയും നിർത്തി രാഷ്ട്രീയത്തിൽനിന്ന് മാറി നിൽക്കാം. ഇല്ലെങ്കിൽ പിണറായി രാഷ്ട്രീയത്തിൽനിന്ന് മാറുമോ?കെ.എസ്.എഫ്. എന്ന സംഘടന അന്ന് അവിടെ നാമമാത്രമാണ്. അവരാണ് സി.എച്ചിന്റെ പരിപാടി സംരക്ഷിച്ചതെന്ന് പറയുന്നത്. എ.കെ. ബാലനും മമ്പുറം ദിവാകരനുമൊക്കെ എന്റെ ജൂനിയറാണ്.
“പിണറായി വിജയൻ ബ്രണ്ണൻ കോളേജിൽ വന്നപ്പോൾ സംഘർഷമുണ്ടായി എന്നത് സത്യമാണ്. അഭിമുഖത്തിൽ വന്ന ആ യാഥാർഥ്യവും ശരിയാണ്. പക്ഷേ, ഞാൻ രഹസ്യമായി പറഞ്ഞ കാര്യം പരസ്യ പ്രസിദ്ധീകരണം നടത്തിയത് ശരിയല്ല. അത് ഞാൻ ആഗ്രഹിക്കാത്തതാണ്. അതിൽ പിടിച്ച് എനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ ഞാൻ നിഷേധിക്കുന്നു.” സുധാകരൻ പറഞ്ഞു.
Content Highlights:K. Sudhakaran challenges CM Pinarayi Vijayan