കൊച്ചി> തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ചവുട്ടിയെന്ന് താന് പറഞ്ഞിട്ടില്ലെന്ന് കെ പിസിസി പ്രസിഡന്റ് കെ സുധാകരൻ. അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കാനും കെ സുധാകരനായില്ല. ചോദ്യങ്ങള് ഉയര്ത്തിയ മാധ്യമ പ്രവര്ത്തകര്ക്കു നേരെ അധിക്ഷേപം ചോരിഞാനു സുധാകരന് പത്രസമ്മേളനം അവസാനിപ്പിച്ചത്.
ചവുട്ടിവീഴ്ത്തിയെന്ന കാര്യം താൻ ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു പത്രക്കാരൻ തന്റെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നുമാണ് ഇന്ന് വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞത്. ‘പിണറായിയെ ചവുട്ടിയെന്ന് പറഞ്ഞിട്ടില്ല. എന്നാൽ സംഘർഷമുണ്ടായത് ശരിയാണ്. അഭിമുഖം നടത്തിയ മാധ്യമ പ്രവര്ത്തകന് ചോദിച്ചപ്പോള് പ്രസിദ്ധീകരിക്കരുത് എന്ന് ആവര്ത്തിച്ച് പറഞ്ഞ കാര്യമാണ് മനോരമ ആഴ്ചപ്പതിപ്പില് വന്നത്. അത് ചതിയാണ്. മോശം മാധ്യമ പ്രവര്ത്തനമാണ്.’
അന്ന് കോളേജിൽ നടന്നുവെന്ന് പറഞ്ഞ കാര്യം ഉള്ളതാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും സുധാകരൻ കൃത്യമായി പ്രതികരിച്ചില്ല. അതെല്ലാം അറിയണമെങ്കിൽ മാധ്യമപ്രവർത്തകർ തന്നെ സ്വയം അന്വേഷിച്ച് കണ്ടുപിടിക്കണം എന്നായിരുന്നു മറുപടി.
സുധാകരന്റെ അഭിമുഖത്തിലെ പരാമർശത്തിന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.‘ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലത്ത് സുധാകരന് എന്നോട് വിരോധമുണ്ടാകും. എന്നെ കിട്ടിയാൽ തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും മനസ്സിൽ കരുതിയിട്ടുണ്ടാകും.യഥാർഥത്തിൽ സംഭവിച്ചത് മറിച്ചാണ്.’-പിണറായി വ്യക്തമാക്കിയിരുന്നു. കൂടാതെ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നതായും കോളേജിൽ സി എച്ച് മുഹമ്മദ് കോയ പങ്കെടുത്ത പരിപാടി ചെരുപ്പെറിഞ്ഞ് അലങ്കോലമാക്കിയത് സുധാകരന്റെ നേതൃത്വത്തിലാണെന്നും മുഖ്യമന്ത്രി വെളിപെടുത്തിയിരുന്നു.
ഇതിനോടൊന്നും കൃത്യമായി പ്രതികരിക്കാതെ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി തനിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സുധാകരൻ പറഞ്ഞു.