കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിൽ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യത നിലനിൽക്കുന്നതിനൊപ്പം കടലേറ്റത്തിന് സാധ്യതയുണ്ട്.
തീരപ്രദേശങ്ങളിൽ ഇന്ന് തിരമാലകൾ നാല് മീറ്റർ വരെ ഉയരത്തിൽ അടിച്ചേക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഇടവിട്ട രീതിയിൽ മഴ തുടരുകയാണ്. കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ തുടരുന്നുണ്ട്.
19വരെ കേരള തീരത്ത് നിന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ല. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകളും വള്ളങ്ങളും ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ – മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു.