തിരുവനന്തപുരം
സങ്കടങ്ങളേറ്റുപറഞ്ഞ ചെന്നിത്തലയോട് വി ഡി സതീശനെ നിശ്ചയിച്ചത് പൊതുതീരുമാനമാണെന്നും വഴങ്ങണമെന്നും തുറന്നടിച്ച് രാഹുൽഗാന്ധി. ഡൽഹിയിൽ രാഹുലുമായി നടന്ന ‘മുറിവുണക്കൽ ചർച്ച’ യിൽ പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതിലൂടെ അപമാനിച്ചെന്നും തോൽവിയുടെ ഉത്തരവാദി താൻ മാത്രമല്ലെന്നും ചെന്നിത്തല സങ്കടപ്പെട്ടു. ചർച്ച നടത്തിയെങ്കിലും പകരം പദവിയിൽ രാഹുൽ ഉറപ്പ് നൽകിയില്ല.
എ കെ ആന്റണി, ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ എന്നിവരിൽ ആരെങ്കിലും ഒഴിഞ്ഞാലേ ചെന്നിത്തലയ്ക്ക് പ്രവർത്തകസമിതിയിൽ സ്ഥാനം ലഭിക്കൂ. ആരോഗ്യകാരണങ്ങളാൽ ഉമ്മൻചാണ്ടി സന്നദ്ധനാണ്. പക്ഷേ, മുല്ലപ്പള്ളിയെ ജനറൽ സെക്രട്ടറിയാക്കണമെന്നാണ് ആഗ്രഹം. ആന്റണിയുടെ രാജ്യസഭയിലെ കാലാവധി തീരാത്തതിനാൽ ഡൽഹി വിടാൻ സാധ്യതയില്ല.
സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ദേശീയ നേതാക്കൾ കടുത്ത അമർഷത്തിലാണ്. ഇവർ വേണുഗോപാലിനെ നീക്കണമെന്ന് ആവശ്യമുയർത്തിയിട്ടുണ്ട്. ഇക്കാര്യത്തിലും രാഹുലിന്റെ തീരുമാനമാണ് ഉറ്റുനോക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെന്നിത്തലയെ എതിർപാളയത്തിലേക്ക് തള്ളിവിടേണ്ടെന്ന നിലപാടിലാണ് രാഹുൽ. ഇതുകൂടി കണക്കിലെടുത്തായിരുന്നു അനുനയനീക്കം.
എല്ലാവരും കുറ്റക്കാരെന്ന് മുല്ലപ്പള്ളി
പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന വാദം അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് തെറിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു. ‘അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പിന് സമിതിയെ വച്ചത്. ശശി തരൂർ അടക്കമുള്ള കമ്മിറ്റിയിലെ അംഗം മാത്രമാണ് ഞാൻ. ജനറൽ സെക്രട്ടറിയെയും മൂന്ന് സെക്രട്ടറിമാരെയും മാസങ്ങളോളം കേരളത്തിൽ താമസിപ്പിച്ചില്ലേ. ആർക്കും ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടാനാകില്ല’ മുല്ലപ്പള്ളി ഹൈക്കമാൻഡിന് അയച്ച കത്തിൽ പറഞ്ഞു.
നീക്കം ചെന്നിത്തലയെ
കേരളം കടത്താന്
പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയതിൽ കടുത്ത അമർഷത്തിലുള്ള രമേശ് ചെന്നിത്തലയെ കേരള രാഷ്ട്രീയത്തിൽനിന്ന് പരമാവധി മാറ്റിനിർത്താൻ ഹൈക്കമാന്ഡ്. ജനറൽ സെക്രട്ടറി പദവും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തിന്റെ ചുമതലയും നൽകാനാണ് ആലോചന. ജനറൽ സെക്രട്ടറിയാകുന്നതോടെ പ്രവർത്തകസമിതിയിലെത്തും.
ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ രാഹുലും കെ സി വേണുഗോപാലും ദേശീയതല പദവിയെന്ന സൂചന നൽകി. എ കെ ആന്റണിയെയും ചെന്നിത്തല കണ്ടു. പുതിയ പദവി ഏറ്റെടുക്കുമെങ്കിലും കേരള രാഷ്ട്രീയത്തിൽനിന്ന് പൂർണമായി മാറിനിൽക്കില്ലെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിയുമായി രൂപപ്പെട്ടിട്ടുള്ള പുതിയ ഐക്യവും വെളിപ്പെടുത്തി.പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും തെരഞ്ഞെടുത്ത രീതിയോട് ഉമ്മൻ ചാണ്ടിക്കുള്ള അഭിപ്രായവ്യത്യാസവും രാഹുലിനെ അറിയിച്ചെന്ന് ചെന്നിത്തല പറഞ്ഞു. താനും ഉമ്മൻ ചാണ്ടിയും എക്കാലവും ഹൈക്കമാൻഡിനോട് ചേർന്നുനിന്നവരാണ്. ഉമ്മൻ ചാണ്ടിയെ അദ്ദേഹം ഫോണിൽ വിളിക്കും. രാഹുലിനോട് മനസ്സിലുള്ളതെല്ലാം സംസാരിച്ചു. എല്ലാ പ്രയാസവും മാറി. –- ചെന്നിത്തല പറഞ്ഞു.