തിരുവനന്തപുരം
നേതൃത്വത്തിനെതിരെ കലാപം രൂക്ഷമായ പഞ്ചാബിലും രാജസ്ഥാനിലും ഇല്ലാത്ത ധൈര്യം കേരളത്തിൽ കോൺഗ്രസിലെ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് ധൈര്യപ്പെട്ടതിന് പിന്നിൽ ബിജെപിയുടെ സമ്പൂർണ തകർച്ച. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റം ഉണ്ടാക്കിയിരുന്നെങ്കിൽ അഴിച്ചുപണിക്ക് ഹൈക്കമാൻഡ് തയ്യാറാകുമായിരുന്നില്ലെന്ന് കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പറഞ്ഞുതുടങ്ങി. ബിജെപിയുടെ സീറ്റ് എണ്ണം കൂടിയിരുന്നെങ്കിൽ കോൺഗ്രസുകാർ കൂട്ടത്തോടെ കൂറുമാറിയേനെയെന്നും എങ്കിൽ ഹൈക്കമാൻഡ് നടപടിയെടുക്കാൻ ഭയപ്പെട്ടേനെയെന്നുമാണ് ചർച്ച. എൽഡിഎഫിന്റെ മുന്നേറ്റത്തിൽ ബിജെപി തോറ്റ് തുന്നംപാടിയതിനാൽ നിരാശരായ കോൺഗ്രസുകാർക്കു മുന്നിൽ മറ്റ് വഴിയില്ലാതായി.
രാഹുൽ ഗാന്ധിയിൽ വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ചാണ് അസമിൽ ഏറ്റവും ഒടുവിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചത്. മറ്റു സംസ്ഥാനങ്ങളിൽ തൊടാൻ കെൽപ്പില്ലാത്ത ഹൈക്കമാൻഡ് കേരളത്തിൽ അവസരം മുതലെടുക്കുകയായിരുന്നു. അഴിച്ചുപണി വിജയകരമായി പൂർത്തിയാക്കിയതിന് എഐസിസി നന്ദിപറയേണ്ടത് ബിജെപിയോടാണെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എൻ എസ് മാധവൻ അഭിപ്രായപ്പെട്ടു. ‘പൊതുവെ ദുർബലമായ എഐസിസിക്ക് ഇത്ര ആജ്ഞാശക്തി എവിടെ നിന്നുകിട്ടി? രാജസ്ഥാനിൽ എഐസിസിയുടെ തീട്ടൂരം ഓടുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. കാരണം, മറുകണ്ടത്തിൽ വിമത കോൺഗ്രസുകാരെ കാത്ത് ബിജെപിയുണ്ട്.
തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സീറ്റില്ലെന്ന് മാത്രമല്ല, കാര്യമായി വോട്ടുംചോർന്നു. വിമതസ്വഭാവമുള്ള കോൺഗ്രസുകാർക്ക് ബിജെപി ഇപ്പോൾ ഒരു ഓപ്ഷൻ അല്ല. അതുകൊണ്ട് എഐസിസിക്ക് തീരുമാനങ്ങൾ ബിജെപിയെ ഭയക്കാതെ അച്ചട്ടായി നടപ്പാക്കാൻ സാധിച്ചു’–- എൻ എസ് മാധവൻ ഒരു മാധ്യമത്തിലെ പ്രതിവാര കോളത്തിൽ എഴുതി. അഴിച്ചുപണി കൊണ്ടുമാത്രം പരിഹരിക്കാവുന്നതാണോ കോൺഗ്രസിലെ പ്രശ്നങ്ങൾ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. കോൺഗ്രസിന് ആശയപരമായി കെട്ടുറപ്പില്ലാതായിട്ട് കാലം കുറച്ചായെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ തകർച്ചയാണ് ഹൈക്കമാൻഡിന്റെ ധൈര്യമെന്ന അഭിപ്രായക്കാരാണ് കെപിസിസി പുനഃസംഘടനയിൽ പദവി നഷ്ടം ഉറപ്പായ ഭാരവാഹികളടക്കം. കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിലും ഈ ചർച്ച നടന്നു. ‘ബിജെപിക്ക് നാലഞ്ച് സീറ്റ് കിട്ടിയിരുന്നെങ്കിൽ കാണാമായിരുന്നൂ’ എന്നാണ് ഒരു തലമുതിർന്ന നേതാവ് പറഞ്ഞത്.