കൊച്ചി: ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർഥി, അമ്മയുടെ അക്കൗണ്ടിൽനിന്നാണ് ലക്ഷങ്ങൾ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത്.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച പരാതി അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. അക്കൗണ്ടിൽനിന്നും പണം നഷ്ടപ്പെട്ടെന്ന് വിദ്യാർഥിയുടെ അമ്മയാണ് പരാതി നൽകിയത്.
തുടർന്ന് എസ്.പിയുടെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷണം നടത്തി. ഫ്രീ ഫയർ എന്ന ഗെയിം കളിച്ചാണ് കുട്ടി പണം കളഞ്ഞതെന്ന് സംഘം മനസിലാക്കി. ഗെയിം ലഹരിയായ വിദ്യാർഥി, ഒരു സമയം നാൽപ്പത് രൂപ മുതൽ നാലായിരം രൂപ വരെ ചാർജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്.
ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാർജ് ചെയ്തിട്ടുമുണ്ട്. അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽനിന്ന് പോയതായി അറിഞ്ഞത്. സംഭവം മാതാപിതാക്കൾ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ബോധവൽക്കരണത്തിന് ഒരുങ്ങുകയാണ് റൂറൽ ജില്ലാ പോലീസ് എന്ന് എസ്.പി. കാർത്തിക്ക് പറഞ്ഞു.ബോധവൽക്കരണ പരിപാടികൾ അടുത്ത ആഴ്ചയോടെ തുടങ്ങുമെന്നും എസ്.പി. കൂട്ടിച്ചേർത്തു.
content highlights:student plays online game, losts about three lakh rupee from mothers account