തിരുവനന്തപുരം > ബ്രണ്ണന് കോളേജില് പഠിക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന് കെ സുധാകരന്റെ പരാമര്ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി.
സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും, പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്ക്കും സ്വപ്നം കാണാന് അവകാശമുണ്ട്. അതിന്റെ ഭാഗം മാത്രമാണ് സുധാകരന്റെ പ്രസ്താവന. പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്നത് അദ്ദേഹത്തിന്റെ മോഹം മാത്രമാണ്. എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടാകും. അന്ന് ഇന്നത്തെ സുധാകരനല്ല. കിട്ടിയാല് തല്ലാമെന്നും ചവിട്ടി വീഴ്ത്താമെന്നും മനസില് കണ്ടിട്ടാകും. തീര്ത്തും വസ്തുതവിരുദ്ധമായ കാര്യങ്ങള് പറയുമ്പോള് എങ്ങനെ സത്യം പറയാതിരിക്കും.
കെഎസ്യു അക്രമത്തിനിടെ കോളേജിലെത്തിയ ഞാന് അവിടെ സംഘര്ഷം ഒഴിവാക്കുകയാണ് ചെയ്തത്. അന്ന് ബ്രണ്ണന് കോളേജ് വിദ്യാര്ഥിയായിരുന്നില്ല. പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്ഥി മാത്രമാണ് ഞാന്. പരീക്ഷ ബഹിഷ്കരണത്തിന്റെ ഭാഗമായി കെഎസ്എഫിന്റെ സമരം നടക്കുകയാണ്. സമരത്തെ തടയാന് കെഎസ്യുകാര് എത്തി. സംഘര്ഷത്തിലേക്ക് കാര്യങ്ങള് നീങ്ങി. അന്ന് സുധാകരനെ എനിക്ക് അറിയില്ല. സംഘര്ഷത്തില് ഉള്പ്പെടാതിരിക്കാന് നോക്കി. പക്ഷെ സംഗതി കൈ വിട്ടു പോയി. ഈ ചെറുപ്പക്കാരന്റെ നേരെ ഞാന് പ്രത്യേക രീതിയിലൊരു ആക്ഷന് ഞാന് എടുത്തു. ശരീരം തൊട്ടില്ല. ഒന്നും ചെയ്തില്ല. ആക്ഷന് പിന്നാലെ ചില വാക്കുകളും പുറത്തുവന്നു. പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന് എന്നാണ് ഞാന് പറഞ്ഞത്. ഇതാണ് സംഭവിച്ചത്. സുധാകരന് ഒന്ന് മനസിലാക്കിക്കോ. വിദ്യാര്ഥി അല്ലാത്തത് കൊണ്ട് മാത്രമാണ് ആ സംഘര്ഷം അവിടെ നിന്നത്.
സുധാകരന്റെ സമപ്രായക്കാരനും അന്ന് കോളേജില് ഒപ്പം പഠിച്ചിരുന്നതുമായ എ കെ ബാലന് പറഞ്ഞതുമായ ചില കാര്യങ്ങളുണ്ട്. അതും മറന്ന് പോകണ്ട.
സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബ്രണ്ണന് കോളേജില് ഉദ്ഘാടനത്തിന് വന്നു. പുതുക്കിയ ആ ഹാളിന്റെ ഉദാഘാടനത്തിന് പോയപ്പോഴാണ് ബാലന് ഈ കഥ തന്നോട് പറഞ്ഞത്.
ചടങ്ങില് പങ്കെടുക്കാനെത്തിയ സി എച്ച് മുഹമ്മദ് കോയയെ കരിങ്കൊടി കാട്ടി, ചെരിപ്പെറിഞ്ഞു. ചടങ്ങ് അലങ്കോലപ്പെടുത്താന് ശ്രമിച്ചു. അന്ന് സി എച്ചിന് ചടങ്ങ് സുഗമമായി നടത്താനായത് അന്നത്തെ എ കെ ബാലനടക്കമുള്ള പ്രവര്ത്തകരുടെ ബലത്തിലാണ്. ഇപ്പോള് വീരവാദം മുഴക്കുള്ള സുധാകരന് ആ സംഭവം മറന്ന് കാണില്ല. അര്ധനഗ്നനായി ആ കോളേജ് ചുറ്റിപ്പിച്ചു അവര്. സുധാകരന്റെ അതിക്രമത്തെ നേരിടാനെത്തിയ വിദ്യാര്ഥികള് അദ്ദേഹത്തെ നേരെ വസ്ത്രമണിയാന് സമ്മതിച്ചില്ല. കോളേജിന് ചുറ്റും നടത്തിപ്പിച്ചു. വലിയ പൊങ്ങച്ചം പറഞ്ഞത് കൊണ്ട് കാര്യമില്ല.
സുധാകരനെതിരെ അദ്ദേഹത്തിന്റെ പാര്ട്ടിക്കാര് തന്നെ ഉന്നയിച്ച ആരോപണങ്ങള് നിരവധിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിസിസി പ്രസിഡന്റായിരുന്ന കെ രാമകൃഷ്ണന് സുധാകരന്റെ യഥാര്ത്ഥ സ്വഭാവം കേരളത്തിന് മുന്നില് തുറന്നു പറഞ്ഞതാണെന്ന് പറഞ്ഞ മുഖ്യന്ത്രി രാമകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള് എണ്ണിപ്പറഞ്ഞു. തന്റെ മക്കളെ തട്ടിക്കൊണ്ടുപോവാന് സുധാകരന് പദ്ധതിയിട്ടിരുന്നതായി സുധാകരന്റെ വിശ്വസ്തനായ കോണ്ഗ്രസ് നേതാവ് തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.