ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ബി.ജെ.പിക്ക് പദ്ധതികളില്ലെന്ന് മുൻ ഡി.ജി.പിയും ബി.ജെ.പി. അംഗവുമായ ജേക്കബ് തോമസ്. ജേക്കബ് തോമസ് എന്ന് പേരുള്ള എനിക്ക് ബി.ജെ.പി. അംഗത്വമുണ്ടെന്നതും ഞാൻ ബി.ജെ.പി. സ്ഥാനാർത്ഥിയായി മത്സരിച്ചുവെന്നതും ഇത്തരം ആരോപണങ്ങൾക്കുള്ള മറുപടിയാണ്. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ ജേക്കബ് തോമസ് പറഞ്ഞു.
പതിറ്റാണ്ടുകൾ നീണ്ട ഔദ്യോഗിക ജീവിതത്തിനു ശേഷം രാഷ്ട്രീയപ്രവർത്തകനാവാം എന്ന് തീരുമാനിച്ചപ്പോൾ താങ്കൾ തിരഞ്ഞെടുത്ത പാർട്ടി ബി.ജെ.പിയാണ്. എന്തുകൊണ്ട്?
ബി.ജെ.പിയാണ് ഇന്ത്യയിലെ ഏറ്റവും നല്ല പാർട്ടിയെന്ന് എനിക്ക് തോന്നി. ഞാൻ ബി.ജെ.പിയിൽ ചേർന്നു.
വിദ്യാർത്ഥി ജീവിതകാലത്ത് താങ്കൾക്ക് രാഷ്ട്രീയ വിശ്വാസങ്ങളുണ്ടായിരുന്നോ?
ഇല്ല. പഠനത്തിലും സ്പോർട്സിലും മാത്രമായിരുന്നു അന്നെനിക്ക് താൽപര്യം.
സിവിൽ സർവ്വിസിന്റെ അവസാന കാലയളവിൽ ഉമ്മൻചാണ്ടി സർക്കാരിൽനിന്നും പിണറായി സർക്കാരിൽനിന്നും ഉണ്ടായ തിക്താനുഭവങ്ങൾ ബി.ജെ.പിയെ തിരഞ്ഞെടുക്കുന്നതിന് കാരണമായിട്ടുണ്ടോ?
ഈ നിഗമനം പൂർണ്ണമായും തെറ്റാണ്. 34 വർഷം ഞാൻ സിവിൽ സർവ്വിസിലുണ്ടായിരുന്നു. അവസാന ഘട്ടത്തിലെ ചില അനുഭവങ്ങൾ വെച്ചാണ് ഞാൻ ബി.ജെ.പിയിലേക്ക് വന്നതെന്ന് പറയുന്നത് ശരിയല്ല.
കമ്മ്യൂണിസ്റ്റ് പാർട്ടികളോ കോൺഗ്രസോ താങ്കളെ സമീപിച്ചിരുന്നോ?
ഞാൻ പറഞ്ഞല്ലോ ബി.ജെ.പിയാണ് ഏറ്റവും നല്ല പാർട്ടിയെന്ന ബോദ്ധ്യത്തിലാണ് ഞാൻ തീരുമാനമെടുത്തതെന്ന്.
താങ്കൾ ബി.ജെ.പിയിലേക്ക് വരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്തെങ്കിലും പങ്കുണ്ടോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും പ്രധാനമന്ത്രിയാണ്.
രാഷ്ട്രീയ പ്രവേശത്തിനു മുമ്പ് പ്രധാനമന്ത്രിയുമായി നേർക്ക് നേർകൂടിക്കാഴ്ച നടത്തിയിരുന്നോ?
അത്തരം വിശദാംശങ്ങൾ ഇപ്പോൾ പറയാൻ എനിക്ക് താൽപര്യമില്ല.
ബി.ജെ.പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്ര പദ്ധതി ഇന്ത്യൻ സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുകയാണെന്ന വിമർശമുണ്ട്. മുസ്ലിം സമുദായത്തെ അന്യവത്കരിക്കുന്ന നടപടികളാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്ന ആക്ഷേപം ശക്തമാണ്. പൗരത്വ ഭേദഗതി നിയമമായാലും ജമ്മു കാശ്മീരിൽ 370-ാം വകുപ്പ് നിർവ്വീര്യമാക്കിയ നടപടി ആയാലും ലക്ഷ്യം മുസ്ലിം സമുദായമാണെന്നാണ് ആരോപണം. താങ്കൾക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ബി.ജെ.പിയിൽ അംഗങ്ങളാണെന്നാണ് ഞാൻ കാണുന്നതും മനസ്സിലാക്കുന്നതും.
മുസ്ലിം സമുദായത്തോട് ബി.ജെ.പിക്ക് വിവേചനപരമായ സമീപനം ഇല്ലെന്നാണോ താങ്കൾ പറഞ്ഞുവരുന്നത്?
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരും ബി.ജെ.പിയിലുണ്ട്. ജൈനമതത്തിലുള്ളുവരും പാഴ്സികളും മുസ്ലിങ്ങളും ക്രിസ്ത്യാനികളുമൊക്കെ ബി.ജെ.പിയിലുണ്ട്.
2017-ലെ യു.പി. നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിൽനിന്നുള്ള ഒരാളെപ്പോലും ബി.ജെ.പി. സ്ഥാനാർത്ഥിയാക്കിയില്ല. അതിനെ എങ്ങിനെയാണ് കാണുന്നത്?
2021 ഫെബ്രുവരിയിലാണ് ഉത്തരവാദിത്വമുള്ള അംഗമായി ഞാൻ ബി.ജെ.പിയിൽ ചേർന്നത്. അതിനു ശേഷം ഞാൻ കണ്ടത് കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തുന്നതാണ്. മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ എ.പി. അബ്ദുള്ളക്കുട്ടിയായിരുന്നു ബി.ജെ.പി. സ്ഥാനാർത്ഥി എന്നതും മറക്കരുത്. മറ്റ് സംസ്ഥാനങ്ങളിലെ കാര്യം എനിക്കത്ര കണ്ട് അറിയില്ല.
അഞ്ച് വർഷം മുമ്പ് യോഗി ആദിത്യനാഥിനെ യു.പി. മുഖ്യമന്ത്രിയാക്കിയതിലൂടെ ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് ബി.ജെ.പി. മൂർത്തമായൊരു ചുവടുവെയ്പാണ് നടത്തിയതെന്ന് നിരീക്ഷണമുണ്ട്. ഗൊരക്നാഥ് മഠാധിപതിയായ ഒരു സന്യാസിയെയാണ് ബി.ജെ.പി. മുഖ്യമന്ത്രിപദത്തിലേക്ക് കൊണ്ടുവന്നത്?
ഇതിൽ നിയമവിരുദ്ധമായി എന്താണുള്ളത്? ഒരു പ്രായം കഴിഞ്ഞാൽ ഇന്ത്യയിൽ ആർക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ജനങ്ങൾ തിരഞ്ഞെടുത്താൽ നിയമനിർമ്മാണ സഭകളിലെത്താം. ഇതിലെവിടെയാണ് പ്രശ്നമുള്ളത്? ഇതിനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷേ, ഈ നടപടിയിൽ നിയമവിരുദ്ധമായി ഞാൻ ഒന്നും കാണുന്നില്ല. ആരാണ് തങ്ങളുടെ പ്രതിനിധിയാവണമെന്നത് ജനങ്ങളാണ് തീരുമാനിക്കുന്നത്.
ഒരു ദേശീയ പാർട്ടിയെന്ന നിലയിൽ ബി.ജെ.പി. എടുത്ത തീരുമാനം ബി.ജെ.പി. പ്രവർത്തകനെന്ന നിലയിൽ താങ്കൾ എങ്ങിനെ കാണുന്നുവെന്നായിരുന്നു ചോദ്യം.
ബി.ജെ.പിയല്ല, ജനങ്ങളാണ് തീരുമാനമെടുത്തത്.
യോഗി മുഖ്യമന്ത്രിയാവണം എന്ന് ജനങ്ങളല്ല ബി.ജെ.പിയാണ് തീരുമാനിച്ചത്. 2017-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി മത്സരിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ബി.ജെ.പിയാണ് യോഗി മുഖ്യമന്ത്രിയാവെട്ട എന്ന് തീരുമാനിച്ചത്.
അത് പലയിടത്തും നടന്നിട്ടുള്ള കാര്യമാണ്. കേരളത്തിൽ ഇതുപോലെയുള്ള സംഭവമുണ്ടായിട്ടുണ്ടല്ലോ! ഉത്തർ പ്രദേശിൽ മാത്രമല്ല കേരളത്തിലും സമാനമായ രീതിയിൽ മുഖ്യമന്ത്രിയെ നിശ്ചയിച്ചിട്ടുണ്ട്.
എം.എൽ.എ. അല്ലാത്ത ഒരാൾക്ക് മുഖ്യമന്ത്രിയാവാം. പിന്നീട് അദ്ദേഹം എം.എൽ.എയായാൽ മതി. 2017-ൽ യോഗിയെ മുഖ്യമന്ത്രിയാക്കിയത് ജനങ്ങളല്ല ബി.ജെ.പിയായായിരുന്നു എന്നാണ് ഇവിടെ വ്യക്തമാക്കിയത്. ഈ തീരുമാനത്തെ എങ്ങിനെ കാണുന്നുവെന്നാണ് ചോദിച്ചത്.
കോൺഗ്രസ് 1995-ൽ കേരളത്തിൽ കോൺഗ്രസ് എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കിയത് എങ്ങിനെയാണോ അതുപോലെയാണ് ഞാൻ ഇതിനെ കാണുന്നത്.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ബി.ജെ.പി. തീരുമാനിച്ചാൽ താങ്കൾ ബി.ജെ.പിയിൽ തുടരുമോ?
പ്രഥമമായി ഞാൻ ഇന്ത്യയിലെ ഉത്തരവാദിത്വബോധമുള്ള പൗരനാണ്. രണ്ടാമതായി ഞാൻ ഇന്ത്യയിലെ ദേശീയ പാർട്ടിയായ ബി.ജെ.പിയിൽ അംഗമാണ്. ബി.ജെ.പിക്ക് അങ്ങിനെയൊരു പദ്ധതിയുള്ളതായി ഞാൻ കാണുന്നില്ല. ബി.ജെ.പി. ചെയ്യുന്നതെന്തും മോശമാണ് എന്നൊരു ചിന്ത താങ്കൾക്കുണ്ടായേക്കാം. എനിക്കില്ല.
ഭരണഘടന അസംബ്ളിയിൽ 85 ശതമാനം പേരും ഹിന്ദുക്കളായിരുന്നു. ഹിന്ദുക്കൾക്ക് അത്രയും ഭൂരിപക്ഷമുണ്ടായിരുന്ന ഭരണഘടന അസംബ്ളിയാണ് ഇന്ത്യ മതരാഷ്ട്രമാവരുതെന്ന് തീരുമാനിച്ചത്. ഈ തിരുമാനം അട്ടിമറിക്കപ്പെടുകയാണെന്ന സൂചനകളാണ് ഇപ്പോൾ ഉയരുന്നത്. ഇതിൽ താങ്കൾ അസ്്വസ്ഥനാണോ?
ഇന്ത്യ മതേതര റിപ്പബ്ളിക്കാണെന്ന് ഭരണഘടനയിൽ എഴുതിച്ചേർത്തത് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര സർക്കാരാണ്. അങ്ങിനെയാരു മാറ്റം വേണമെന്ന് ഇന്ദിര സർക്കാരിന് തോന്നിയത് എന്തു കൊണ്ടായിരിക്കണം? 1950 മുതൽ 1975 വരെയുള്ള ഭരണത്തിന്റെ പ്രശ്നമല്ലേ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്.
ഇത് താങ്കളുടെ വീക്ഷണമാണ്. ആർ.എസ്.എസ്. ഉയർത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തിലല്ലേ ഇന്ദിര സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്? ഇന്ദിര ഗാന്ധി അന്ന് മുൻകൂട്ടി കണ്ട ഭീഷണികൾ ഇന്നിപ്പോൾ യാഥാർത്ഥ്യമാവുകയാണോ?
ബി.ജെ.പി. വിരോധം കാരണം താങ്കൾ കെട്ടിച്ചമയ്ക്കുന്ന വ്യാഖ്യാനമാണിത്. നിയമവാഴ്ചയെ അട്ടിമറിച്ചാണ് അടിയന്തരവാസ്ഥ പ്രഖ്യാപിക്കപ്പെട്ടതെന്ന് താങ്കൾ മറക്കരുത്. ജേക്കബ് തോമസ് എന്ന് പേരുള്ള എനിക്ക് ബി.ജെ.പിയിൽ അംഗത്വമെടുക്കാമെന്നതിലും ഒരു സ്ഥാനാർത്ഥിയായി മത്സരിക്കാമെന്നതിലും താങ്കൾ ചോദിക്കുന്ന ചോദ്യങ്ങളുടെ ഉത്തരമുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ബി.ജെ.പിക്ക് പദ്ധതിയില്ല എന്നതിന്റെ വ്യക്തമായ തെളിവാണത്.
രണ്ടു ദിവസം മുമ്പ് ഡൽഹി ഹൈക്കോടതി ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ നടത്തിയിരുന്നു. മൂന്ന് വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞത് ഭീകരപ്രവർത്തനത്തിനും പ്രതിഷേധിക്കുന്നതിനുള്ള അവകാശത്തിനും ഇടയ്ക്കുള്ള അതിർത്തി ഭരണകൂടത്തിന്റെ ചില നടപടികളിൽ മാഞ്ഞുപോകുന്നുണ്ടെന്നാണ്. രാജ്യത്ത് കാര്യങ്ങൾ അത്രകണ്ട് പന്തിയല്ല എന്നതിന്റെ വ്യക്തമായ സൂചനയല്ലേ ഇത്? വിയോജിപ്പിനുള്ള അവസരങ്ങൾ ഇല്ലാതാവുന്നുവെന്നത് താങ്കളിലെ ജനാധിപത്യ വിശ്വാസിയെ അലോസരപ്പെടുത്തുന്നില്ലേ?
അഴിമതി രാജ്യദ്രോഹക്കുറ്റമാണെന്ന് ഹൈക്കോടതിക്ക് മുകളിലുള്ള സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിധിന്യായങ്ങൾ എത്രമാത്രം നടപ്പാക്കപ്പെടുന്നുണ്ട്?
ഒരു മെജോറിറ്റേറിയൻ രാഷ്ട്രം ഉടലെടുക്കുന്നതിനുള്ള സാദ്ധ്യതകൾ കാണുന്നില്ല എന്ന താങ്കളുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഡൽഹി ഹൈക്കോടിയുടെ നിരീക്ഷണങ്ങൾ ചൂണ്ടിക്കാട്ടിയത് ?
ഒരു മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല എന്ന് കേരളത്തിൽ അടുത്തിടെ ലോകായുക്തയുടെ വിധിയുണ്ടായിരുന്നു. അദ്ദേഹം ഇപ്പോൾ എം.എൽ.എയാണ്.
അദ്ദേഹം പക്ഷേ, മന്ത്രിയായില്ല?
തിരഞ്ഞെടുപ്പിന് മുമ്പ് വന്ന ഉത്തരവ് മുക്കിവെയ്്ക്കുകയായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അദ്ദേഹത്തിന് അയോഗ്യതയുണ്ടായിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്?
കേരളത്തിൽ എത്രയോ തോന്നിവാസങ്ങൾ നടക്കുന്നുണ്ടെന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. താങ്കൾ ഉത്തർ പ്രദേശിനെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ കേരളത്തെക്കുറിച്ച് പറഞ്ഞെന്നു മാത്രം.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച പാളിച്ചകളെക്കുറിച്ച് ബി.ജെ.പിക്കുള്ളിൽ ആത്മപരിശോധനയുണ്ടാവുമെന്ന് തീർച്ചയാണ്. ഇതിനിടയിലാണ് കൊടകര കുഴൽപ്പണക്കേസും ബി.ജെ.പി. കേരള ഘടകം പ്രസിഡന്റ് കെ. സുരേന്ദ്രൻ ആദിവാസി നേതാവ് സി.കെ. ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്നുമൊക്കെയുള്ള ആരോപണങ്ങളുമുണ്ടായത്. ഈ സംഭവങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പാർട്ടി നേതൃത്വം താങ്കളോട് ആവശ്യപ്പെട്ടിരുന്നോ?
ഇതെക്കുറിച്ച് എന്തെങ്കിലും പറയാൻ എനിക്ക് താൽപര്യമില്ല.
ഇതുമായി ബന്ധപ്പെട്ട് സി.വി. ആനന്ദബോസ് പറഞ്ഞത് പാർട്ടി നേതൃത്വത്തിന് താൻ റിപ്പോർട്ട് നൽകിയിട്ടില്ലെന്നും എന്നാൽ തന്നോട് ആവശ്യപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നുമാണ്. സമാനമായ സംഗതിയാണോ താങ്കളുടെ കാര്യത്തിലുമുണ്ടായത്?
ബി.ജെ.പിയുടെ ഉത്തരവാദിത്വമുള്ള ഒരു പ്രവർത്തകൻ എന്ന നിലയ്ക്ക് ആ പാർട്ടിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ പരസ്യപ്പെടുത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
ബി.ജെ.പി. ഇന്ന് കേരളത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്?
ടെററിസവും എക്സട്രീമിസവുമാണ് ബി.ജെ.പി. നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഈ വെല്ലുവിളി നേരിടുന്നതിന് ബി.ജെ.പിയുടെ കേരള നേതൃത്വം എത്രമാത്രം സുസജ്ജമാണ്?
ഉത്തരവാദിത്വമുള്ള ഒരു സാധാരണ പ്രവർത്തകൻ മാത്രമാണ് ഞാൻ.
കേരളത്തിൽ നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ ഒരു വിശ്വാസക്കുറവുണ്ടെന്ന ആരോപണത്തോട് താങ്കൾ എങ്ങിനെ പ്രതികരിക്കുന്നു?
ഏത് പ്രവർത്തകരെയാണ് താങ്കൾ ഉദ്ദേശിക്കുന്നതെന്നെനിക്കറിയില്ല. പഞ്ചായത്ത് തലത്തിലെ പ്രവർത്തകരെക്കുറിച്ചാണോ ജില്ലാ തലത്തിലുള്ള പ്രവർത്തകരെക്കുറിച്ചാണോ അതോ സംസ്ഥാന തലത്തിലുള്ള പ്രവർത്തകരെക്കുറിച്ചാണോ താങ്കൾ പറയുന്നത്?
സംസ്ഥാന തലത്തിലുള്ള നേതാക്കളുടെ കാര്യമാണ് ഉദ്ദേശിച്ചത്?
ബി.ജെ.പിയെ താറടിക്കാനുള്ള സംഘടിതമായ ശ്രമം പല തലങ്ങളിലും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവ് പറഞ്ഞത് കേരളത്തിൽ അവരുടെ മുഖ്യശത്രു ബി.ജെ.പിയാണെന്നാണ്. എതിർപക്ഷത്തുള്ള പാർട്ടിയെ ശത്രുവായി കാണുന്നത് എന്ത് സംസ്കാരമാണെന്ന് മനസ്സിലാവുന്നില്ല.
എതിർപക്ഷത്തുള്ള കോൺഗ്രസിനെ ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പല പ്രമുഖ ബി.ജെ.പി. നേതാക്കളും പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് മുക്ത ഭാരതമെന്ന സമീപനം ശരിയാണോ?
മഹാത്മ ഗാന്ധി തന്നെ പറഞ്ഞിട്ടുള്ള കാര്യമാണിത്.
ഗാന്ധിജി പറഞ്ഞത് കോൺഗ്രസിനെ പിരിച്ചുവിടണമെന്നാണ്. കോൺഗ്രസ് സ്വയം നടപ്പാക്കേണ്ട കാര്യമെന്ന നിലയ്ക്കാണ് അദ്ദേഹം അത് പറഞ്ഞത്. അതുപോലെയല്ലല്ലോ കോൺഗ്രസിനെ ഇല്ലാതാക്കണമെന്ന് പറയുന്നത്?
സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഗാന്ധിജിയും ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് ഞാൻ ഓർമ്മിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ കൃത്യമായി എന്തായിരുന്നുവെന്ന് എനിക്കറിയില്ല. ആ സമയത്ത് ഞാൻ ജനിച്ചിട്ടില്ലായിരുന്നു. രാഷ്ട്രീയത്തിലായാലും ജീവിതത്തിലായാലും സ്പോർട്സമാൻ സ്പിരിറ്റ് വേണമെന്നാണ് എന്റെ നിലപാട്.
മൂന്നര പതിറ്റാണ്ടോളം താങ്കൾ സിവിൽ സർവ്വീസിലുണ്ടായിരുന്നു. താങ്കൾ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ്?
കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച മുഖ്യമന്ത്രി സി. അച്ച്യുതമേനോൻ ആണെന്നാണ് ഞാൻ കരുതുന്നത്. എന്റെ ഔദ്യോഗിക ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി കെ. കരുണാകരനാണ്.
കെ. കരുണാകരന്റെ ഏതു ഗുണഗണങ്ങളാണ് താങ്കളെ ആകർഷിച്ചത്?
കഴിവ് (merti) അംഗീകരിക്കുന്നതിനും അതിന് പിന്തുണ നൽകുന്നതിനുമുള്ള മികവ്. ഒരു കാര്യം അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടാൽ അദ്ദേഹം വലിപ്പച്ചെറുപ്പം നോക്കാതെ നമ്മുടെ കൂടെ നിൽക്കും. എനിക്കങ്ങിനെ പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ജാഡയുമില്ലാത്ത നേതാവായിരുന്നു അദ്ദേഹം. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന എന്റെ ആതമ്കഥയിൽ ലീഡർ എന്ന ശീർഷകത്തിൽ ഒരദ്ധ്യായം തന്നെയുണ്ട്. നായനാരും എ.കെ. ആന്റണിയും വി.എസ്. അച്ച്യുതാനന്ദനും വളരെ നല്ല മുഖ്യമന്ത്രിമാരായിരുന്നു. ഉമ്മൻചാണ്ടിയുടെ ആദ്യ ടേമിലും എനിക്ക് ഒരു തരത്തിലുള്ള പ്രയാസവും നേരിടേണ്ടി വന്നിട്ടില്ല.
ഉമ്മൻചാണ്ടി രണ്ടാം വട്ടം മുഖ്യമന്ത്രിയായപ്പോൾ താങ്കളുടെ ഔദ്യോഗിക ജിവിതത്തിൽ ചില സംഘർഷങ്ങളുണ്ടായിട്ടുണ്ട്. എന്തുകൊണ്ടായിരിക്കാം അങ്ങിനെയുണ്ടായത് എന്നാണ് താങ്കൾ കരുതുന്നത്?
വല്ലാതെ ജനകീയൻ ആവുമ്പോഴുണ്ടാവുന്ന പ്രശ്നമാണിതെന്നാണ് ഞാൻ വിചാരിക്കുന്നത്. എല്ലാവരേയും അനുനയിപ്പിച്ച് കൂടെ കൊണ്ടുപോവാനുള്ള സമീപനമാവാം ഉമ്മൻചാണ്ടിക്ക് പ്രശ്നമുണ്ടാക്കുന്നത്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എനിക്കങ്ങിനെയാണ് തോന്നുന്നത്. പരമവാധി സഹായം എല്ലാവർക്കും ചെയ്യണമെന്ന ചിന്തകൊണ്ട് സംഭവിക്കുന്നതാണത്.
പിണറായി വിജയനെ ഉമ്മൻചാണ്ടിയിൽനിന്നു വ്യത്യസ്തനാക്കുന്നത് എന്താണ്?
അതിൽ പ്രധാനം പിണറായി വിജയൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ വ്യത്യസ്്തതയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയിലെ നേതാക്കൾക്ക് ചില വ്യത്യസ്തതകളില്ലേ? കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന നേതാക്കൾക്ക് ചില സവിശേഷതകളുണ്ടാവും.
പാർട്ടിക്കും അതീതനായി പിണറായി വളരുകയാണെന്ന വിമർശം ഇടക്കാലത്തുണ്ടായിരുന്നു. പിണറായി വിജയനിൽ ഒരു ഏകാധിപതിയുണ്ടെന്ന ആരോപണം താങ്കൾ ശരിവെയ്ക്കുന്നുണ്ടോ?
ഞാൻ അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിട്ടണ്ട്. എനിക്കങ്ങിനെ അനുഭവപ്പെട്ടിട്ടില്ല. അദ്ദേഹം വളരെ ശ്രദ്ധാപൂർവ്വം നയങ്ങളും തീരുമാനങ്ങളും എടുക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തിന്റെ പാർട്ടിക്ക് ശ്രേയസ്സുണ്ടാക്കുന്ന തീരുമാനങ്ങളാണ് അദ്ദേഹം എടുക്കുന്നത്. വിജയമാണ് എല്ലാ തീരുമാനങ്ങളുടെയും ആത്യന്തിക മാനദണ്ഡം. അദ്ദേഹത്തിന്റെ സമീപനങ്ങളെയാണല്ലോ ഏകാധിപത്യം എന്നൊക്കെ വിമർശിക്കുന്നത്. ജനങ്ങൾക്ക് അവ സ്വീകാര്യമാണെങ്കിൽ പിന്നെയെന്താണ് കുഴപ്പം.
ഔദ്യോഗിക ജീവിതത്തിന്റെ അവസാനഘട്ടത്തിൽ ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രിസ് എം.ഡിയായി നിയമിക്കപ്പെട്ടപ്പോൾ അതിൽ ഒരു നീതികേട് താങ്കൾക്ക് അനുഭവപ്പെട്ടിരുന്നോ?
ഇല്ല. മെറ്റൽ ഇൻഡസ്ട്രിസിൽ പോയതുകൊണ്ട് എനിക്ക് പരശുരാമന്റെ മഴുവുണ്ടാക്കാൻ പറ്റി. പാലക്കാട് ജില്ലയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിഞ്ഞു. ഏതു മാറ്റവും ഒരവസരമായി കാണുന്ന ആളാണ് ഞാൻ.
ലോ ആന്റ് ഓർഡർ ഡി.ജി.പി. ആവാൻ കഴിഞ്ഞില്ലെന്നതിൽ നീതിനിഷേധം ഉണ്ടായിരുന്നില്ലേ?
അതിപ്പോൾ പിണറായി സർക്കാർ ആദ്യമായി അധികാരമേറ്റ ശേഷം ബെഹ്റയെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നു. ബെഹ്റ എന്റെ ജൂനിയറായിരുന്നു. അന്ന് കിട്ടാതിരുന്ന ഒരു കാര്യം പിന്നീട് കിട്ടിയില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.
താങ്കൾ അർഹിച്ചിരുന്ന ഒരു പോസ്റ്റ് നഷ്ടമായതിനെക്കുറിച്ചാണ് ചോദിച്ചത്?
അതിലൊരു കാര്യമുണ്ട്. നമ്മൾ ഡ്രൈവറുടെ സീറ്റിലിരിക്കുമ്പോൾ ഒരാൾക്കേ ഡ്രൈവ് ചെയ്യാൻ പറ്റുകയുള്ളു.
പിണറായി വിജയൻ എന്ന മുഖ്യമന്ത്രി നീതികേട് കാണിച്ചു എന്ന് താങ്കൾ കരുതുന്നില്ല എന്നാണോ?
വാളയാറിലെ അമ്മയ്ക്ക് നീതി കിട്ടിയോ അലൻ-താഹ എന്ന പയ്യന്മാർക്ക് നീതി കിട്ടിയോ അതുപോലെ പെരിയയിൽ രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട കേസിൽ സർക്കാർ പ്രതികൾക്ക് വേണ്ടി ഉന്നത കോടതിയിൽ പോയപ്പോൾ ആ ചെറുപ്പക്കാരുടെ ബന്ധുക്കൾക്ക് നീതി കിട്ടിയോ എന്നൊക്കെയുള്ള ചോദ്യങ്ങൾ പോലെയാണത്.
ഈ മൂന്നു വിഷയങ്ങളിലും നീതികേടുണ്ടായി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അപ്പോൾ താങ്കളുടെ കാര്യത്തിലും അതുതന്നെയാണുണ്ടായതെന്നാണോ?
അതിനെ നീതികേടെന്നല്ല ഞാൻ പറയുന്നത്. അതാണ് ഇപ്പോൾ കേരളത്തിന്റെ നീതിബോധം.
ആ നീതിബോധം ശരിയാണെന്ന് പറയനാവുമോ?
ബഹുഭൂരിപക്ഷം ജനങ്ങളും അതിനെ ശരിവെയ്ക്കുന്നതല്ലേ നമ്മൾ കണ്ടത്.
അതിൽ ഒരു പ്രശ്നമുണ്ട്. ക്രിസ്തുവിനെ കുരിശിൽ തറയ്ക്കാൻ ജനക്കൂട്ടം ആവശ്യപ്പെട്ടത് നീതിയായിരുന്നുവെന്ന് നമുക്ക് പറയാൻ കഴിയുമോ? ഈ സർക്കാരിനെ ജനങ്ങൾ വീണ്ടും തിരഞ്ഞെടുത്തു എന്നതുകൊണ്ട് മേൽപറഞ്ഞ മൂന്നു വിഷയങ്ങളിലും നീതിയുണ്ടായി എന്ന് പറയാനാവുമോ?
കേരളത്തിലെ ജനങ്ങളുടെ നീതിബോധത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. ഇതല്ല കേരളത്തിലെ ജനങ്ങളുടെ നീതിബോധമെന്ന് താങ്കൾക്ക് പറയാൻ പറ്റുമോ?
ജനങ്ങളുടെ നീതിബോധം മറിച്ചായിരുന്നെങ്കിൽ പിണറായി സർക്കാരിന് തുടർച്ചയുണ്ടാവുമായിരുന്നില്ല എന്നാണോ താങ്കൾ ധ്വനിപ്പിക്കുന്നത്?
താങ്കൾ അത് പറഞ്ഞുകഴിഞ്ഞല്ലോ!
താങ്കൾ പീലാത്തോസിനെപ്പോലെ സംസാരിക്കുന്നു?
ഞാനിപ്പോൾ അത് മനസ്സിൽ വിചാരിച്ചതേയുള്ളു(ചിരിക്കുന്നു).
പക്ഷേ, പീലാത്തോസിനെപ്പോലെ കൈ കഴുകേണ്ടതുണ്ടോ?
കേരളത്തിലെ നീതിബോധം അങ്ങിനെയാണെന്നുള്ളത് യാഥാർത്ഥ്യമാണ്. അത് നമ്മൾ കാണാതിരുന്നിട്ട് കാര്യമില്ല.
Content Highlights:India wont be a theist country, says Jacob Thomas