കൊച്ചി > പോത്താനിക്കാട് പീഡനകേസിൽ മാത്യു കുഴൽനാടൻ എംഎൽഎ വേട്ടക്കാരന്റെ വക്കീലായും ഗോഡ്ഫാദറായും ഇരയെയും കുടുംബത്തെയും നിരന്തരം വേട്ടയാടുകയാണെന്ന് ഡിവൈഎഫ്ഐ. തന്റെ മണ്ഡലത്തിലെ താമസക്കാരിയായ ഇരയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയായിട്ടും കേസിൽ പ്രതിചേർക്കപ്പെട്ട ഷാൻ മുഹമ്മദിന്റെ വക്കീൽ കുപ്പായം ഇടാനാണ് എംഎൽഎ ശ്രമിച്ചതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാത്യു കുഴൽനാടന്റെ പ്രതികളോടുള്ള ബന്ധം സംബന്ധിച്ച് ഡിവൈഎഫ്ഐ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. കുഴൽനാടന്റെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ യൂത്ത് കെയറിലെ സജീവ അംഗമാണ് ഒന്നാം പ്രതി റിയാസ്. ഇരയെ സംരക്ഷിക്കുക എന്ന പൊതു ബോധത്തിന് ഒപ്പം നിൽക്കാതെ പ്രതികളെ സംരക്ഷിക്കുകയാണ് യൂത്ത് കോൺഗ്രസും ജനപ്രതിനിധിയായ എംഎൽഎയും ചെയ്യുന്നത്. ചെറിയ കുട്ടിയെ പീഡിപ്പിച്ച സംഭവം ലഘൂകരിക്കാനാണ് എംഎൽഎ ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രമിച്ചത്.
പ്രേരണാകുറ്റം ഉൾപ്പടെ ചുമത്തിയ കേസ് രാഷ്ട്രീയ പ്രേരിതം ആണെന്നും എംഎൽഎ പറയുന്നു. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും മാത്യു കുഴൽനാടനും പെൺകുട്ടി കത്ത് അയച്ചിരുന്നു. വളരെ അപകടകരായ സ്ഥിതിയും തെറ്റായ സന്ദേശവുമാണ് എംഎൽഎയും യൂത്ത് കോൺഗ്രസും സമൂഹത്തിന് നൽകുന്നത്. പ്രതികളെ സംരക്ഷിക്കും എന്ന തുറന്നു പറച്ചിലാണ് യൂത്ത് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവന. പതിനാറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസ് രമ്യമായി പരിഹരിക്കും എന്നാണ് പ്രസ്താവനയിൽ പറയുന്നത്.
കേസ് മൂടിവെക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ നിലപാടാണോ എന്ന് ഷാഫി പറമ്പിൽ എംഎൽഎ പറയണം. പ്രതിപക്ഷ നേതാവ് ഉൾപ്പെടുന്ന ജില്ലയിൽ സംഭവിച്ച കാര്യമായതിനാൽ എംഎൽയുടെ നിലപാടിൽ വി ഡി സതീശൻ മറുപടി പറയണമെന്നും എസ് സതീഷ് പറഞ്ഞു.
ഷാൻ മുഹമ്മദിന്റെ ക്രിമിനൽ പശ്ചാത്തലവും സാമ്പത്തിക ശ്രോതസും അന്വേഷിക്കണം. പെൺകുട്ടിക്കും കുടുംബത്തിനും ഏതറ്റം വരെയും ഡിവൈഎഫ്ഐ സംരക്ഷണം നൽകും. പഠിക്കാൻ മിടുക്കിയായ പെൺകുട്ടി ആഗ്രഹിക്കുന്നത് വരെ പഠിപ്പിക്കാനും ഡിവൈഎഫ്ഐ തയ്യാറാണെന്നും സതീഷ് പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ്, ജില്ലാ പ്രസിഡന്റ് ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.