തിരുവനന്തപുരം: എകെജി സെന്ററിലെ എൽകെജി കുട്ടിയെന്ന ബിജെപി കൗൺസിലറുടെ പരാമർശത്തിൽ പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ആരും ഓടിളക്കി വന്നവരല്ലെന്നും തന്റെ പക്വത അളക്കാൻ വരേണ്ടെന്നുമായിരുന്നുമേയറുടെ മറുപടി. തിരുവനന്തപുരം നഗരസഭാ കൗൺസിൽ യോഗത്തിലായിരുന്നു കൗൺസിലറുമായി മേയർ ആര്യാ രാജേന്ദ്രൻകൊമ്പുകോർത്തത്.
തിരുവനന്തപുരം നഗരസഭയുടെ ഹിറ്റാച്ചികൾ കാണുന്നില്ലെന്നായിരുന്നു ബിജെപി കൗൺസിലർ കരമന അജിത്ത് ഉന്നയിച്ച ആരോപണം. നഗരസഭയ്ക്ക് സ്വന്തമായി രണ്ട് ഹിറ്റാച്ചിയുണ്ട്. ഏതാണ്ട് 70 ലക്ഷം രൂപ മുടക്കിയാണ് രണ്ടും വാങ്ങിയത്. കുറെ മാസങ്ങളായി രണ്ടും കാണാനില്ല. അന്വേഷിക്കുമ്പോൾ ഒരിടത്ത് നിന്നും തൃപ്തികരമായ മറുപടി അല്ല എനിക്ക് ലഭിച്ചത്. എവിടെ ചോദിച്ചാലും ആർക്കും അറിയില്ല, അവിടെ കാണും, ഇവിടെ കാണും, എവിടെയോ കാണും എന്നൊക്കെയുള്ള മറുപടികളാണ് കിട്ടിയത്.
എന്തായാലും അതിന്റെ പുറകേ അന്വേഷിച്ചിറങ്ങാമെന്ന് ഞാനും കരുതി.. കാരണം എകെജി സെന്ററിലെ എൽകെജി കുട്ടികൾക്ക് മേയർ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകൾ. എന്നായിരുന്നു കരമന അജിത്ത് ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ വിവാദം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലും ഈ വിഷയവും മേയറുടെ അനുഭവ സമ്പത്തും പ്രായവും പരാമർശിക്കപ്പെട്ടതാണ് മേയറിനെ ചൊടിപ്പിച്ചത്.
ഈ സമൂഹത്തിലുള്ള ചിലർക്ക് ചില തെറ്റിദ്ധാരണകളുണ്ട്. നമ്മളെന്തോ ഓട് പൊളിച്ചുവന്നവരാണെന്ന്. എന്നാൽ ഞാൻ വ്യക്തമായി പറയട്ടേ, ഈ പ്രായത്തിൽ മേയർ ആയിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനുമറിയാം. എന്റെ പക്വത അളക്കൻ നിങ്ങളായിട്ടുമില്ലെന്നായിരുന്നു മേയറുടെ മറുപടി.
കോവിഡ് പശ്ചാത്തലത്തിൽ പൊതുനിരത്തിൽ പൊങ്കാല ഇല്ലാതിരുന്നിട്ടും മാലിന്യനീക്കത്തിന് 21 ലോറികൾ നഗരസഭ വാടകയ്ക്കെടുത്തു. ഇതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. വിഷയത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പലതവണ കൊമ്പുകോർത്തു. ശുചീകരണ വിവാദത്തിൽ വിജിലൻസ് ആന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം കൗൺസിൽ വോട്ടടെടുപ്പിന് ശേഷം തള്ളി.യുഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പൊതുസ്ഥലങ്ങളിൽ പൊങ്കാല നടന്നില്ലെങ്കിലും 28 ലോഡ് മാലിന്യം നീക്കിയെന്നാണ് ഭരണപക്ഷത്തിന്റെ വിശദീകരണം.