ലുസാക്ക> സാംബിയയുടെ സ്വതന്ത്ര്യസമര നായകനും പ്രഥമ പ്രസിഡന്റുമായ കെന്നത്ത് കൗണ്ട അന്തരിച്ചു. 97 വയസ്സായിരുന്നു. ന്യൂമോണിയയെ തുടർന്ന് തിങ്കളാഴ്ചയാണ് ലുസാക്കയിലെ മൈന സോക്കോ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. സാംബിയ പ്രസിഡന്റ് എഡ്വേർഡ് ലുംഗുവാണ് മരണവിവരം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.
ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരെ നടന്ന പോരാട്ടത്തിന് നേതൃത്വം നൽകിയ കെന്നത്ത് കൗണ്ട, 1964 ൽ സ്വാതന്ത്ര്യം നേടിയ സാംബിയയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ പ്രസിഡന്റായി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വിമോചന പോരാട്ടങ്ങളുടെ ആശ്രയകേന്ദ്രമാക്കി അദ്ദേഹം സാംബിയയെ മാറ്റി. അംഗോള, മൊസാംബിക്, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളിലും വെള്ളക്കാരുടെ ഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളെ പിന്തുണച്ചു.
അവിടങ്ങളിലെ ഗറില്ല സംഘടനകൾക്ക് സാംബിയയിൽ സൈനിക പരിശീലന കേന്ദ്രങ്ങളും അഭയാർഥി ക്യാമ്പുകളും ഓഫീസുകളും തുടങ്ങാൻ അനുവാദം നൽകി. 1991 ൽ ആദ്യ ബഹുകക്ഷി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ നായകനായിരുന്നു.