കൽപ്പറ്റ
സി കെ ജാനുവിനെ എൻഡിഎ സ്ഥാനാർഥിയാക്കാൻ 50 ലക്ഷം രൂപ കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ ബത്തേരി പൊലീസ് കേസെടുത്തു. കൽപ്പറ്റ ജൂഡിഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് കേസ്. ജനാധിപത്യ രാഷ്ട്രീയപാർടി മുൻ സംസ്ഥാന അധ്യക്ഷ സി കെ ജാനുവിനെയും കേസിൽ പ്രതിചേർത്തു. ജാനുവിനെ എൻഡിഎയിലെത്തിക്കാനും ബത്തേരി മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനും രണ്ടുതവണയായി 50 ലക്ഷം രൂപ കോഴ നൽകിയെന്നാണ് പരാതി. സംഭവം ബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ടതിനാലാണ് ബത്തേരി പൊലീസിനോട് കേസെടുക്കാൻ കോടതി നിർദേശിച്ചത്. മാർച്ച് ഏഴിന് തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിൽവച്ച് ജാനുവിന് സുരേന്ദ്രൻ പണം കൈമാറിയെന്ന് ജെആർപി ട്രഷറർ പ്രസീത വെളിപ്പെടുത്തിയിരുന്നു. തെളിവായി ഫോൺസംഭാഷണവും ഇവർ പുറത്തുവിട്ടു. ഇതുകൂടി പരിഗണിച്ചാണ് ഇരുവർക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചത്.
ഉറവിടം വെളിപ്പെടുത്താത്ത തുക പാരിതോഷികമായി നൽകിയെന്നും അത് സ്വീകരിച്ചുവെന്നുമാണ് കേസ്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന്റെ പരിധിയിൽ വരും. സാക്ഷികളിൽനിന്ന് മൊഴിയെടുത്തശേഷം പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.മഞ്ചേശ്വരത്ത് മത്സരത്തിൽനിന്ന് പിന്മാറാൻ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയ്ക്ക് കൈക്കൂലി നൽകിയെന്ന കേസിലും സുരേന്ദ്രനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണമുണ്ട്.
തെരഞ്ഞെടുപ്പ് കമീഷൻ റിപ്പോർട്ട് തേടി
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് അഴിമതികളിൽ തെരഞ്ഞെടുപ്പ് കമീഷനും അന്വേഷണം തുടങ്ങി. ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ സംസ്ഥാന പൊലീസ് മേധാവിയോട് കേസുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. റിപ്പോർട്ട് കിട്ടിയാലുടൻ ചീഫ് ഇലക്ടറൽ ഓഫീസർ സുരേന്ദ്രന് നോട്ടീസ് അയക്കും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന കേസ് തെളിഞ്ഞാൽ അഴിമതിവിരുദ്ധ നിയമപ്രകാരം ശിക്ഷിക്കാനാകുമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിരുന്നു. പൊലീസ് റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ നൽകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഓഫീസ് അറിയിച്ചു.
ലോക്താന്ത്രിക് യുവജനതാദൾ ദേശീയ അധ്യക്ഷൻ സലിം മടവൂർ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കെ സുരേന്ദ്രൻ സഞ്ചരിച്ച ഹെലികോപ്റ്ററിൽ കള്ളപ്പണം കടത്തിയെന്ന് പരാതിയിൽ പറഞ്ഞു. മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക പിൻവലിക്കാൻ കൈക്കൂലി നൽകി. എൻഡിഎ സ്ഥാനാർഥിയാക്കാൻ സി കെ ജാനുവിന് കൈക്കൂലി നൽകി. തെരഞ്ഞെടുപ്പ് അട്ടിമറിയായിരുന്നു ലക്ഷ്യം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.