ന്യൂഡൽഹി
ഡൽഹി കലാപക്കേസിൽ ഒരു വർഷത്തിലേറെയായി ജയിലിലായിരുന്ന വിദ്യാർഥികളെ വിട്ടയച്ചു. കഴിഞ്ഞദിവസം ഹൈ ക്കോടതി ജാമ്യം അനുവദിച്ചിട്ടും വിട്ടയക്കാത്ത സാഹചര്യത്തിൽ കർക്കർഡൂമ അഡീഷണൽ സെഷൻസ് കോടതി ഇടപെട്ടാണ് മോചനം ലഭിച്ചത്. ദേവാംഗന കലിത, നതാഷ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹാ എന്നിവരെ തിഹാർ ജയിലിൽനിന്ന് ഉടൻ മോചിപ്പിക്കണമെന്ന് സെഷൻസ് കോടതി വ്യാഴാഴ്ച ഉത്തരവിടുകയായിരുന്നു.
മേൽവിലാസം സ്ഥിരീകരിക്കാൻ കൂടുതൽ സമയം വേണമെന്നത് ഉൾപ്പെടെ നിസ്സാരകാരണങ്ങൾ പറഞ്ഞ് ഡൽഹി പൊലീസ് വിദ്യാർഥികളെ മോചിപ്പിച്ചിരുന്നില്ല. പൊലീസിനെതിരെ വിദ്യാർഥികൾ സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഇടപെടൽ. മേൽവിലാസം സ്ഥിരീകരിക്കണമെന്ന വാദം ജാമ്യം ലഭിച്ചവരെ ജയിലിലിടാൻ കാരണമല്ലെന്ന് കോടതി നിരീക്ഷിച്ചു.
വിദ്യാർഥികൾക്ക് എതിരെ യുഎപിഎ പ്രകാരം ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിയോജിപ്പുകളെ അടിച്ചമർത്താൻ തിടുക്കം കാണിക്കുന്ന കേന്ദ്രസർക്കാരിനെയും ഡൽഹി പൊലീസിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹൈക്കോടതി ജാമ്യം നൽകിയിട്ടും വിദ്യാർഥികളെ വിട്ടയക്കാത്ത പൊലീസ് നടപടി വിവാദമായിരുന്നു.