കൊച്ചി
‘ചെല്ലാനത്ത് ടിപിആർ 70 ശതമാനം’–- കടൽക്ഷോഭത്തിൽ ഉലഞ്ഞ തീര ഗ്രാമത്തിനുമേൽ ഇടുത്തീപോലെ മഹാമാരി പെയ്തിറങ്ങിയ സമയം. നൂറുപേരിൽ 70 പേർ രോഗികൾ. ഭയപ്പാടിന്റെ കാലത്തെ ഒത്തൊരുമിച്ച് ചെറുത്ത ചെല്ലാനം മാതൃകയായി. ഒപ്പം മുഖ്യമന്ത്രിയുടെ പ്രശംസയും. സംസ്ഥാന സർക്കാർ നേതൃത്വത്തിൽ ജില്ലാ ഭരണസംവിധാനവും ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തും കൈകോർത്തപ്പോൾ പ്രതിദിന രോഗനിരക്ക് 13.62 ആയി. മന്ത്രിമാരായ പി രാജീവും സജി ചെറിയാനും കെ ജെ മാക്സി എംഎൽഎയും നേരിട്ടിറങ്ങിയായിരുന്നു പ്രതിരോധം.
കൂട്ട വാക്സിനേഷനും
പരിശോധനയും
വാക്സിനേഷൻ ക്യാമ്പുകളും പരിശോധനയുമായിരുന്നു യുദ്ധതന്ത്രം. മാർച്ചിലാണ് രോഗവ്യാപനം തുടങ്ങിയത്. ആഴ്ചയിലെ ശരാശരി ടിപിആർ 63 വരെയായി. മെഗാ വാക്സിനേഷൻ ക്യാമ്പുകളായിരുന്നു പിന്നീട്. ദിവസം 650 പേർക്കുവരെ വാക്സിൻ നൽകി. ആകെ 14856പേർക്കാണ് വാക്സിൻ നൽകിയത്. പരിശോധനയിൽ പോസിറ്റീവായവരെ സിഎഫ്എൽടിസിയിലേക്കും ഗുരുതരമായവരെ സിയാലിലെ ചികിത്സാകേന്ദ്രത്തിലേക്കും മാറ്റി. ദിവസം ഏഴുനൂറ് പേരെവരെ പരിശോധിച്ചു. ക്വാറന്റൈൻ ശക്തമാക്കി. വീടുകളിൽ വെള്ളം കയറിയപ്പോൾ രോഗികളെ സിഎഫ്എൽടിസികളിൽ എത്തിച്ചു.
മാറ്റം
ഒരുമാസത്തിനുള്ളിൽ
33 ദിവസത്തിലാണ് ടിപിആർ 70ൽനിന്ന് 16ലെത്തിയത്. ജില്ലാ സർവൈലൻസ് യൂണിറ്റ് ഉൾപ്പെടെയുള്ള ടീമിന്റെ നേതൃത്വത്തിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കി. പൊലീസും ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും എണ്ണയിട്ടയന്ത്രംപോലെ പ്രവർത്തിച്ചു. എട്ട് ഡോക്ടർമാരും അമ്പതോളം ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരും ടെക്നിക്കൽ അസിസ്റ്റന്റും ജൂനിയർ ഹെൽത്ത് ഓഫീസർമാരും അടങ്ങുന്നതായിരുന്നു സംഘം. കൂട്ടായ പ്രവർത്തനമാണ് ചെല്ലാനത്തെ കരകയറ്റിയതെന്ന് ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എസ് ശ്രീദേവി പറഞ്ഞു. ഉയർന്ന രോഗബാധയുള്ള പ്രദേശങ്ങളിൽ ചെല്ലാനം മാതൃക നടപ്പാക്കാനൊരുങ്ങുകയാണ് ജില്ലാ അധികൃതർ.