കൽപ്പറ്റ: സി.കെ ജാനുവിനെസ്ഥാനാർഥിയാകാൻ അവർക്ക് പണംനൽകിയെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് എതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സുൽത്താൻ ബത്തേരി മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ എൻ.ഡി.എ. സ്ഥാനാർഥി സി.കെ. ജാനുവും കേസിൽ പ്രതിയാണ്. കൽപ്പറ്റ കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് നടപടി.
ഇന്നലെയാണ് കൽപ്പറ്റ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സുരേന്ദ്രനെതിരെ കേസ് എടുക്കാൻ സുൽത്താൻ ബത്തേരി സ്റ്റേഷൻ ഓഫീസർക്ക് നിർദേശം നൽകിയത്. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ പരാതിയിലായിരുന്നു നടപടി. കോടതിയുടെ നിർദേശപ്രകാരം ഇന്ന് പോലീസ് കേസ് എടുത്തു.
തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് പണം നൽകി എന്നാണ് സുരേന്ദ്രന് എതിരായ കേസ്. ഇത് സംബന്ധിച്ച് ജെ.ആർ.പി. നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയ ടെലഫോൺ സംഭാഷണം മാതൃഭൂമി ന്യൂസ് ആണ് പുറത്തുവിട്ടത്. ഇതിനു പിന്നാലെ ജാനുവിന്റെ പാർട്ടിയിലെ മുൻപ്രവർത്തകനും അവർ പണം വാങ്ങിയതായി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ ചൂണ്ടിക്കാണിച്ചാണ് നവാസ് കോടതിയെ സമീപിച്ചത്.
content highlights:sultan bateri police registers case against k surendran