തിരുവനന്തപുരം: മരംമുറി കൊള്ളയ്ക്കെതിരെ ആറ്റിങ്ങലിൽ ബി.ജെ.പി. നടത്തിയ സമരത്തിൽ ഡി.വൈ.എഫ്.ഐയുടെ പ്ലക്കാർഡുമേന്തി ബി.ജെ.പി. വനിതാ പ്രവർത്തക. സമരത്തിന് ഉപയോഗിച്ച പ്ലക്കാർഡ് മാറിപ്പോയതാണ് ബി.ജെ.പിക്ക് തലവേദനയായത്. ബി.ജെ.പിയുടെ ഡി.വൈ.എഫ്.ഐ. പ്ലക്കാർഡ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിശദീകരണം നൽകി തലയൂരാനാണ് ബി.ജെ.പി. പ്രാദേശിക നേതൃത്വത്തിന്റെ ശ്രമം.
ബി.ജെ.പിയെ വെട്ടിലാക്കിയ സമരകഥ ഇങ്ങനെ:മരംമുറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെയായിരുന്നു ബി.ജെ.പി. പ്രതിഷേധം. എന്നാൽ, ഒറ്റ പ്ലക്കാർഡ് കൊണ്ട് അത് ഇന്ധനവിലയിൽ കേന്ദ്രത്തിനെതിരേയുളള സമരമായി മാറി.
ആറ്റിങ്ങൽ നഗരസഭകവാടമായിരുന്നു സമരവേദി. വനംകൊള്ളയ്ക്കെതിരേയുളള പ്ലക്കാർഡിനു പകരം ഇന്ധനവിലയ്ക്കെതിരെ ഡി.വൈ.എഫ്.ഐ. നടത്തിയ സമരത്തിന്റെ പ്ലക്കാർഡാണ് വനിത പ്രവർത്തകരിലൊരാൾ കയ്യിലേന്തിയിരുന്നത്. മാധ്യമപ്രവർത്തകരും കാഴ്ചക്കാരും ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് അമളി പിണഞ്ഞ കാര്യം സമരക്കാർക്ക് ബോധ്യപ്പെട്ടത്.
തലേദിവസം ഇന്ധനവിലയ്ക്കെതിരേ ഡി.വൈ.എഫ്.ഐ. നടത്തിയ സമരത്തിന്റെ പ്ലക്കാർഡ് പ്രവർത്തകർ നഗരസഭാ മതിലിൽ ചാരിവെച്ചിരുന്നു. പിറ്റേന്ന് സമരത്തിനെത്തിയ ബി.ജെ.പി. പ്രവർത്തക പ്ലക്കാർഡ് മാറിയെടുത്തതാണ് അബദ്ധത്തിനു വഴിയൊരുക്കിയത്.
അമളി പിണഞ്ഞ ബി.ജെ.പി. പ്രവർത്തകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്കും വഴിയൊരുക്കിയിട്ടുണ്ട്.