തിരുവനന്തപുരം: ആർസിസിയിൽ ലിഫ്റ്റിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പത്തനാപുറം സ്വദേശി നജീറ(21) ആണ് മരിച്ചത്. മെയ് 15നാണ് അപകടമുണ്ടായത്.ആർസിസിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് യുവതിയുടെ കുടുംബം പരാതിപ്പെട്ടു.
അറ്റകുറ്റപ്പണികൾക്കായി തുറന്നിട്ടിരുന്ന ലിഫ്റ്റിലേക്ക് കയറിയ യുവതി കാൽ വഴുതി രണ്ടടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ കാണാനായി എത്തിയപ്പോഴാണ് നജീറയ്ക്ക് അപകടം സംഭവിച്ചത്. ആർ.സി.സി.യുടെ താഴത്തെനിലയിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്ന ലിഫ്റ്റിന്റെ മുകൾഭാഗത്ത് പലകകൾ നിരത്തി അതിലെ കുഴി താത്കാലികമായി അടച്ചിരുന്നു. എന്നാൽ, പണി നടക്കുകയാണെന്നറിയാതെ യുവതി ലിഫ്റ്റിൽ കയറി. ഉടൻ തന്നെ പലകകൾ ഇളകി ഇവർതാഴേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.
അശ്രദ്ധമായി ലിഫ്റ്റ് തുറന്നിട്ട ജീവനക്കാരനെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻഡ് ചെയ്തിരുന്നു. നജീറയുടെ കുടുംബത്തിന് ആർസിസി നഷ്ടപരിഹാരം നൽകണമെന്ന് വനിതാ കമ്മീഷൻ ഉത്തരവിട്ടു. സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുമുണ്ട്.