കോഴിക്കോട്: സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേന സംസ്ഥാനത്തുടനീളം വ്യാപക മരംകൊള്ള നടന്നുവെന്ന് കണ്ടെത്തൽ. വിവിധ ജില്ലകളിലുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിലും വനഭൂമിയിലും വ്യാപക മരംമുറി നടന്നുവെന്ന് ഉന്നതതല അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സർക്കാർ ഉത്തരവുണ്ടെന്ന വ്യാജേനയാണ് മരംമുറിയെന്നാണ് ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേൽ നോട്ടം വഹിക്കുന്ന ഉന്നതതല അന്വേഷണ സംഘത്തിന്റെ എഫ്.ഐ.ആറിൽ പറയുന്നത്. വനംകൊള്ളയ്ക്ക് ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തിയെന്നും സുപ്രധാന കണ്ടെത്തലുമുണ്ടായി.
രാജകീയ മരങ്ങൾ എന്ന് വിഭാവനം ചെയ്തിരിക്കുന്ന ഈട്ടി, തേക്ക് തുടങ്ങിയവയാണ് വിവിധ ജില്ലകളിൽനിന്ന് മുറിച്ചു കടത്തിയിരിക്കുന്നത്. മരംമുറിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ എഫ്.ഐ.ആറിൽ ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്.
ഈ മാസം 15-നാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതുവരെയുള്ള മരംമുറിയാണ് സംഘം അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഗൂഢാലോചനയാണ് പ്രാഥമികമായ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അതേ സമയം രാഷ്ട്രീയ നേതൃത്വത്തിലേക്കുള്ള അന്വേഷണത്തിന്റെ സൂചന എഫ്.ഐ.ആറിൽ ഇല്ല.
എന്നാൽ ആരോപണത്തിൽ രാഷ്ട്രീയ നേതൃത്വവും സംശയത്തിന്റെ നിഴലിലാണ്. അതുകൊണ്ട് തന്നെ അവരെയും അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
Content Highlights:Massive robbery-tree-felling-fir-Findings of the High Level Investigation Team.