തിരുവനന്തപുരം
ചിരിക്കുന്നവരും തൊഴുതുനിൽ ക്കുന്നവരും സ്നേഹിതരാണെന്ന് കരുതരുതെന്ന് പുതിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രമേശ് ചെന്നിത്തലയുടെ ഉപദേശം.
ചിരിക്കുന്നവർ ഒപ്പമുണ്ടാകില്ലെന്നാണ് തന്റെ അനുഭവം. എഐസിസി, കെപിസിസി നേതാക്കളെ സാക്ഷിനിർത്തി ചെന്നിത്തല പറഞ്ഞു. തനിക്കിത് പണ്ടേ മനസ്സിലായതാണെന്ന് കെ മുരളീധരൻ എംപി തിരിച്ചടിച്ചു. ബിജെപിയുമായി സിപിഐ എം സഖ്യമുണ്ടാക്കിയെന്ന് പറഞ്ഞപ്പോൾ ഒരു കോൺഗ്രസുകാരനും മുഖവിലയ്ക്കെടുത്തില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പരിതപിച്ചു.
സുധാകരൻ ചുമതലയേറ്റ ചടങ്ങിലാണ് നേതാക്കളുടെ കുത്തുവാക്കുകൾ. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറ്റിയതിലെ അമർഷംകൂടിയായി ചെന്നിത്തലയുടെ മുന്നറിയിപ്പ്. കെ സുധാകരനെ ബിജെപിക്കാരനെന്ന് ആക്ഷേപിച്ചപ്പോൾ താൻ പ്രസ്താവനയിറക്കി. എന്നാൽ എനിക്കുവേണ്ടി ആരും പ്രസ്താവനയിറക്കിയില്ല. ചിലർ എനിക്കെതിരെ പോസ്റ്റിട്ടു–- ചെന്നിത്തല ഓർമിപ്പിച്ചു.
മത്സരിച്ചാൽ ജയിപ്പിക്കാനല്ല ശരിയാക്കാനാണ് പലരും നോക്കുന്നതെന്ന് കെ മുരളീധരൻ തുടർന്നു. നേമത്ത് പാർടിയും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മിറ്റിയും താൻ എത്തിയശേഷമാണുണ്ടാക്കിയത്. ഒരു കൂട്ടർ അപ്പുറത്തുള്ളവരെ പാരവയ്ക്കുമ്പോൾ മറ്റൊരു കൂട്ടർ ഇപ്പുറത്തുള്ളവരെ പാരവയ്ക്കും–- മുരളീധരൻ പറഞ്ഞു.