തിരുവനന്തപുരം > സംസ്ഥാനത്ത് ഹയര് സെക്കന്ററി പ്രായോഗിക പരീക്ഷകള് ജൂണ് 28 ന് ആരംഭിക്കും.
വൊക്കേഷണല് ഹയര്സെക്കന്ററിവിഭാഗം, എന്എസ്ക്യുഎഫ് പ്രായോഗിക പരീക്ഷകള് ജൂണ് 21 മുതല് നടക്കും.
മെയ് 22ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് നടത്തിയ ഉന്നതതലയോഗത്തില് ജൂണ് 21 മുതല് പ്ലസ്ടു പ്രായോഗിക പരീക്ഷ നടത്തുവാന് അനുമതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് പൂര്ണ്ണമായും കോവിഡ് ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് ഏതു തരത്തിലാണ് പരീക്ഷ നടത്തുന്നത് എന്നത് സംബന്ധിച്ച് അധ്യാപകര്, വിദ്യാര്ത്ഥികള് എന്നിവര്ക്ക് നിര്ദ്ദേശം നല്കി.
2021 ജനുവരി 1 മുതല് മാര്ച്ച് 31 വരെ വിദ്യാര്ത്ഥികള്ക്ക് സ്കൂളില് എത്തി അധ്യാപകരുമായി സംശയനിവാരണം വരുത്തുന്നതിനും തുടര് പഠന പ്രവര്ത്തനങ്ങള്ക്കും പ്രായോഗികപരീക്ഷാ പരിശീലനം നടത്തുന്നതിനും അനുമതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് വിദ്യാര്ത്ഥികള് സ്കൂളില് എത്തുകയും പ്രായോഗിക പരിശീലനം നേടുകയും ചെയ്തു.
പ്രായോഗിക പരിശീലനം നടത്തുന്നതിന് കൂടുതല് സമയം ആവശ്യമുണ്ടെന്ന വിദ്യാര്ത്ഥികളുടെ ആവശ്യം പരിഗണിച്ച് 2021 ജൂണ് 17 മുതല് 25 വരെ തീയതികളില് വിദ്യാര്ത്ഥികള്ക്ക് ആവശ്യമെങ്കില് അധ്യാപകരുടെ ലഭ്യത അനുസരിച്ച് സ്കൂളില് എത്താവുന്നതും സ്കൂളിന്റെ നിര്ദ്ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള് പാലിച്ച് കൂടുതല് പ്രായോഗിക പരിശീലനം നേടാവുന്നതുമാണ്.
2021ലെ രണ്ടാംവര്ഷ ഹയര്സെക്കന്ററി/വൊക്കേഷണല് ഹയര്സെക്കന്ററി പ്രായോഗിക പരീക്ഷകള് ആരോഗ്യവകുപ്പ് നിര്ദ്ദേശിക്കുന്ന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള് കൃത്യമായി പാലിച്ചുകൊണ്ടാണ് നടക്കുക. വിദ്യാര്ത്ഥികള് ഇരട്ട മാസ്ക്ക്, ഗ്ലൗസ് എന്നിവ ധരിക്കേണ്ടതും സാനിറ്റൈസര് ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ആണ്. വിദ്യാര്ത്ഥികള് ലാബില് പ്രവേശിക്കുന്നതിന് മുന്പും ലാബില് നിന്ന് പുറത്തേയ്ക്ക് പോകുമ്പോഴും സാനിറ്റൈസര് ഉപയോഗിച്ച് കൈകള് ശുചിയാക്കേണ്ടതാണ്. പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാര്ത്ഥികള് ഒരു കാരണവശാലും കൂട്ടം കൂടാന് പാടില്ല. ശരീരോഷ്മാവ് കൂടുതലായി കാണുന്ന വിദ്യാര്ത്ഥികളെ മറ്റ് കുട്ടികളുമായി ഇടകലര്ത്താതെ പ്രത്യേകമായി പരീക്ഷ നടത്തുന്നതാണ്. കോവിഡ് പോസിറ്റീവായ വിദ്യാര്ത്ഥികള്ക്ക് അവര് നെഗറ്റീവ് ആകുന്ന മുറയ്ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രത്തില് പ്രായോഗിക പരീക്ഷയ്ക്ക് പങ്കെടുക്കാവുന്നതാണ്.
ലാബുകളില് ഒരു കുട്ടി ഉപയോഗിച്ച ഉപകരണങ്ങള് മറ്റു കുട്ടികള് കൈമാറി ഉപയോഗിക്കാന് പാടുള്ളതല്ല. ലാബുകളില് എ.സി. ഉപയോഗിക്കുന്നതല്ല. വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ലാബുകളുടെ എല്ലാ ജനലുകളും വാതിലുകളും തുറന്നിടുന്നതാണ്. ഒരുസമയത്ത് കൂടുതല് വിദ്യാര്ത്ഥികള് സ്കൂളില് വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പ്രായോഗിക പരീക്ഷയുടെ സമയക്രമം വിദ്യാര്ത്ഥികളെയും രക്ഷിതാക്കളെയും സ്കൂള് പ്രിന്സിപ്പാള്/ചീഫ് സൂപ്രണ്ട് അറിയിക്കുന്നതാണ്. സമയക്രമം കൃത്യമായി പാലിക്കാന് വിദ്യാര്ത്ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. വിദ്യാര്ത്ഥികള് പരീക്ഷ കഴിഞ്ഞാലുടന് സ്കൂള് വിട്ടുപോകേണ്ടതാണ്. പ്രായോഗിക പരീക്ഷയുടെ ഭാഗമായുള്ള പ്രൊസ്സീജിയര് എഴുത്ത് കഴിയുന്നത്ര ലാബിന് പുറത്ത് വച്ചും വൈവ വായുസഞ്ചാരമുള്ള വ്യത്യസ്ത ക്ലാസ്സ്മുറികളില് വച്ചും നടത്തുന്നതാണ്. പ്രായോഗിക പരീക്ഷയുടെ ബാച്ചുകളുടെ എണ്ണവും സമയക്രമവും ചുവടെ ചേര്ത്തിരിക്കുന്ന പ്രകാരം പുന: ക്രമീകരിച്ചിട്ടുണ്ട്. സമയക്രമം നല്കിയിട്ടില്ലാത്ത വിഷയങ്ങള്ക്ക് മുന് വര്ഷങ്ങളിലെ സമയക്രമം പാലിക്കേണ്ടതാണ്. കമ്പ്യൂട്ടര് അധിഷ്ഠിത പ്രായോഗിക പരീക്ഷകള്ക്ക് ലഭ്യമാകുന്നത്ര ലാപ്ടോപ്പുകള് ഉപയോഗിക്കാനായി നല്കുന്നതാണ്.
വിദ്യാര്ത്ഥികളുടെ ഹാജര് അധ്യാപകര് തന്നെ രേഖപ്പെടുത്തുന്നതായിരിക്കും. മുന് വര്ഷങ്ങളില്നിന്നും വ്യത്യസ്തമായി പ്രായോഗിക പരീക്ഷയുടെ ഫോക്കസ് പോയിന്റ് പ്രത്യേകമായി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളതും വിദ്യാര്ത്ഥി അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ്. ഓരോ പ്രാക്ടിക്കല് പരീക്ഷയും നടത്തുന്നതു സംബന്ധിച്ച് നല്കിയ നിര്ദ്ദേശങ്ങള് ചുവടെ.