ന്യൂഡല്‍ഹി: ലോക ടെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന പോരാട്ടമാണ് ട്രെന്റ് ബോള്‍ട്ടും രോഹിത് ശര്‍മയും തമ്മിലുള്ളത്. കലാശപ്പോരാട്ടം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കയാണ് രോഹിത്-ബോള്‍ട്ട് പോരാട്ടം ചര്‍ച്ചയാകുന്നത്. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ ഇരുവരും പരിശീലന സമയത്ത് കൊമ്പുകോര്‍ക്കാറുണ്ടായിരുന്നത്രെ. മുംബൈ ബോളിങ് പരിശീലകനായ മുന്‍ ന്യൂസിലന്‍ഡ് താരം ഷെയിന്‍ ബോണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
“ഐപിഎല്‍ സീസണില്‍ പരിശീലനത്തിനിടെ രോഹിതിന്റെ പാഡില്‍ പന്തെറിയുമായിരുന്നു ബോള്‍ട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇതായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്ന് ബോള്‍ട്ട് രോഹിതിന് മുന്നറിയിപ്പും നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് അവര്‍ ഇതേപ്പറ്റി സംസാരിച്ചിരുന്നത് അതിശയകരമായ കാര്യമാണ്. ഇരുവര്‍ക്കും ഇത്തരമൊരു സാഹചര്യമുണ്ടാകുമെന്ന് അറിയാമായിരുന്നു,” സ്റ്റാര്‍ സ്പോര്‍ട്സ് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ബോണ്ട് പറഞ്ഞു.
“രോഹിത് എനിക്ക് ഇഷ്ടമുള്ള താരമാണ്. മുന്‍ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡനെ ഓര്‍മിപ്പിക്കും വിധമാണ് രോഹിതിന്റെ ബാറ്റിങ്. വളരെ പ്രതികൂലമായ സാഹചര്യത്തിലും മികവ് പുറത്തെടുക്കും. അദ്ദേഹം വേഗത്തില്‍ സ്കോര്‍ ചെയ്യുമ്പോള്‍ ബോളര്‍മാര്‍ സമ്മര്‍ദത്തിലാകുന്നു. ബോള്‍ട്ട്-രോഹിത് പോരാട്ടത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്,” ബോണ്ട് കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണും രോഹിതിന്റെ ബാറ്റിങ്ങിനെക്കുറിച്ച് പരാമര്‍ശിച്ചു. “ഏതൊരു ഓപ്പണിങ് ബാറ്റ്സ്മാനും അയാളുടെ ഓഫ് സ്റ്റമ്പ് എവിടെയാണെന്നതില്‍ വ്യക്തതയുണ്ടാകണം. ദക്ഷിണാഫ്രിക്കക്ക് എതിരെ ഓപ്പണറായി ഇറങ്ങിയതിന് ശേഷം രോഹിത് ഇത് കൃത്യമായി പിന്തുടരുന്നുണ്ട്. വളരെ സാവധാനമാണ് ബാറ്റ് ചെയ്യുന്നതും. ഇത് ആവര്‍ത്തിക്കാനായാല്‍ നല്ല പ്രകടനം പുറത്തെടുക്കാന്‍ രോഹിതിന് കഴിയും,” ലക്ഷ്മണ്‍ വ്യക്തമാക്കി.
Also Read: WTC Final: വില്യംസണ്‍ ഫൈനലില്‍ കളിക്കുമോ എന്നതില്‍ വ്യക്തത വരുത്തി മുഖ്യ പരിശീലകന്‍
The post ‘ഇതായിരിക്കും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സംഭവിക്കുക’; രോഹിതിനോട് ബോള്‍ട്ട് appeared first on Indian Express Malayalam.