തൃശൂർ > കൊടകരയിൽ വാഹനാപകടമുണ്ടാക്കി കവർച്ചചെയ്ത പണം എത്തിച്ചത് ഹവാല മാർഗത്തിലൂടെയെന്ന് പൊലീസ് റിപ്പോർട്ട്. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേഷ്, ഓഫീസ് സെക്രട്ടറി ഗിരീശൻ എന്നിവരുടെ നിർദേശപ്രകാരം കർണാടകത്തിൽനിന്നാണ് പണമെത്തിച്ചതെന്നും ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ പ്രത്യേക അന്വേഷകസംഘം സമർപ്പിച്ച റിപ്പോട്ട് പറയുന്നു.
അന്വേഷകസംഘം കണ്ടെടുത്ത പണം തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ നൽകിയ ഹർജിയെ എതിർത്താണ് അന്വേഷകസംഘം റിപ്പോട്ട് സമർപ്പിച്ചത്. കുഴൽപ്പണക്കേസിൽ ഉന്നത ബിജെപിനേതാക്കളുടെ ബന്ധം സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്. ധർമരാജൻ വഴി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് കൈമാറാനുള്ള പണമാണ് കവർന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പിനിറക്കിയ പണമാണിത്.
ബിജെപി തൃശൂർ ജില്ലാ ഭാരവാഹികൾ നാലാം പ്രതി ദീപക്കിനെ പാർടി ഓഫീസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയത് അന്വേഷണത്തിന് തടസ്സമായി.
കവർച്ച നടന്ന് മിനിറ്റുകൾക്കകം ബിജെപി നേതാക്കളായ സുജയസേനനും കാശിനാഥനും കൊടകരയിലെത്തി. പൊലീസിൽ വിവരമറിയിക്കുന്നതിന് പകരം ധർമരാജനേയും ഷംജീറിനേയും ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെത്തിച്ചു. ഏപ്രിൽ മൂന്നിന് പുലർച്ചെ കവർച്ച നടന്നതെങ്കിലും ഏഴിനാണ് പരാതി നൽകിയത്. ഇതിനിടയിൽ തെളിവുനശിപ്പിച്ചു.
സ്ഥിരം കുഴൽപ്പണ ഇടപാടുകാരനായ ധർമരാജൻ പല ജില്ലകളിലും പണമെത്തിച്ചിട്ടുണ്ട്. സഹോദരൻ ധനരാജനും ഡ്രൈവർ ഷംജീറും കുഴൽപ്പണം ഇടപാടുകാരാണ്. ധർമരാജൻ ഉന്നത ബിജെപി നേതാക്കളെ വിളിച്ചതിന് മൊഴികളും ഡിജിറ്റൽ തെളിവുകളും പൊലീസിന്റെ പക്കലുണ്ട്.
ധർമരാജന്റെ ഹർജിയിലേയും മൊഴിയിലേയും വൈരുധ്യവും പൊലീസ് ചൂണ്ടിക്കാട്ടി. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയിൽ മൂന്നേകാൽക്കോടി തന്റെയും 25 ലക്ഷം സുനിൽ നായിക്കിന്റെയുമാണെന്നാണ് ധർമരാജൻ ഹർജിയിൽ പറയുന്നത്. എന്നാൽ, താൻ പണമെത്തിക്കുന്ന ഏജന്റ് മാത്രമെന്നാണ് പൊലീസിന് നൽകിയ മൊഴി.
25 ലക്ഷം കവർച്ച ചെയ്തുവെന്നായിരുന്നു ആദ്യത്തെ പരാതി. അന്വേഷകസംഘം ഒന്നരക്കോടി രൂപയോളം പിടിച്ചെടുത്തതോടെയാണ് നഷ്ടപ്പെട്ടത് മൂന്നരക്കോടിയെന്ന് മൊഴി നൽകിയത്. കേസിന്റെ വാദം 23ലേക്ക് മാറ്റി.