കൊച്ചി> കെ ബാബു എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ഹര്‍ജി നല്കി. തെരഞ്ഞെടുപ്പ് അഴിമതി ആരോപിച്ചാണ് ഹര്‍ജി.
ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹര്‍ജിയിലെ ആരോപണം. അയ്യപ്പന് ഒരുവോട്ട് എന്ന് പ്രിന്റ്ചെയ്ത സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് അയ്യപ്പനും സ്വരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാല്‍ അയ്യപ്പന്റെ പരാജയമാകും എന്നും മണ്ഡലത്തിലാകെ ബാബു പ്രചരിപ്പിച്ചു. അയ്യനെ കെട്ടിക്കാന്‍ വന്നവനെ അയ്യന്റെ നാട്ടില്‍നിന്ന് കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി വോട്ട് പിടിച്ചു. 992 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ച തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം.
അഭിഭാഷകരായ പി കെ വര്‍ഗീസ്, കെ എസ് അരുണ്‍കുമാര്‍ എന്നിവര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.