തിരുവനന്തപുരം: ലോക്ഡൗൺ ലഘൂകരിക്കുന്നതിന്റെ ഭാഗമായിസംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ രാവിലെ ഒൻപത് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാൻ അനുവദിക്കും. ആപ്പ് മുഖേന സ്ളോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനം. ബാറുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല, മദ്യശാലകൾക്ക്മുന്നിൽ ആൾക്കുട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ലോക്ഡൗൺ ഇളവുകൾ. ടി.പി.ആർ. 30 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. ടി.പി.ആർ. നിരക്ക് 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ളടത്ത് സമ്പൂർണ ലോക്ഡൗൺ. 8 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ളടത്ത് ഭാഗിക ലോക്ഡൗണും 8ൽ താഴെയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനവും അനുവദിക്കും.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ എല്ലാ കടകളും രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. ഇവിടങ്ങളിൽ ജീവനക്കാർ 50 ശതമാനമേ പാടുള്ളൂ. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തികൊണ്ട് 17 മുതൽ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുവദിക്കും.
ടി.പി.ആർ. 8 മുതൽ 20 ശതമാനം വരെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. മറ്റ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. 17 മുതൽ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തികൊണ്ട് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അനുവദിക്കും.
ടി.പി.ആർ. 20ന് മുകളിലുള്ള അതിവ്യാപന പ്രദേശങ്ങളിൽ അവശ്യ വസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റ് കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കാൻ അനുവദിക്കും. ടി.പി.ആർ. 30 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും.
Content Highlights: lockdown relaxation in kerala