എതിർരാഷ്ട്രീയ ചേരിയിൽ നിന്ന് പ്രവർത്തിച്ചും, പരസ്പരം വാദിച്ചും പോരടിച്ചും വന്നതിനു ശേഷം ഒന്നിച്ച് ഒരു കാര്യത്തിന് വേണ്ടി പ്രവർത്തിക്കുന്നത് ജീവിതത്തിലെ വ്യത്യസ്തമായ ഒരനുഭവമായി എന്നു പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റിലാണ് മാത്യു കുഴൽ നാടന്റെ വാക്കുകൾ.
‘ഇന്ന് പൊതുമരാമത്തു ടൂറിസം മന്ത്രി റിയാസുമായി മുവാറ്റുപുഴയിലെ വികസന വിഷയങ്ങൾ ചർച്ച ചെയ്തു. വളരെ തുറന്ന സമീപനമാണ് മന്ത്രിയിൽ നിന്നും ഉണ്ടായത്. ചെറുപ്പത്തിന്റെ പ്രസരിപ്പും ഊർജസ്വലതയും ദർശിക്കാനായി. പ്രിയ സുഹൃത്ത് റിയാസിൽ നിന്നും ഒരുപാട് പ്രതീഷിക്കുന്നു.. മന്ത്രി പദത്തിൽ നന്നായി ശോഭിക്കാനാകട്ടെ എന്നാശംസിക്കുന്നു’ എന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് മന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. പരസ്യ ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങളില്‍ വ്യാപകമായ കയ്യേറ്റമാണ് നടക്കുന്നതെന്നും നടപടികള്‍ തുടങ്ങുന്നതോടെ പിഡബ്ല്യൂഡിയുടെ സ്ഥലം കയ്യേറിയുള്ള കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ ഫോണ്‍ ഇന്‍ പരിപാടിയില്‍ വന്ന പരാതിയെത്തുടർന്നാണ് മന്ത്രി കയ്യേറ്റ വിഷയത്തില്‍ ഇടപെട്ടത്. ദേശീയപാതയരികിലും പൊതുമരാമത്ത് വകുപ്പിന്റെ മറ്റ് സ്ഥലങ്ങളിലും വ്യാപകമായ കയ്യേറ്റം നടക്കുന്നതായും മന്ത്രി പറഞ്ഞു.